ആലത്തൂർ ∙ രണ്ടു മാസം മുൻപ് വീട്ടിൽനിന്നു ബുക്സ്റ്റാളിലേക്കു പോയ ബിരുദ വിദ്യാർഥിനി ഇപ്പോഴും കാണാമറയത്ത്. പുതിയങ്കം തെലുങ്കത്തറയിലെ ഭരതൻ നിവാസിൽ രാധാ കൃഷ്ണൻ– സുനിത ദമ്പതികളുടെ മകളും പാലക്കാട് മേഴ്സി കോളജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിനിയുമായ സൂര്യ കൃഷ്ണ ആലത്തൂർ ടൗണിലെ സ്റ്റാളിലേക്കു പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. ഓഗസ്റ്റ് 30നാണു സൂര്യയെ കാണാതായത്. മകളുടെ എന്തെങ്കിലും വിവരം അറിയാനായി രാധാകൃഷ്ണൻ മുട്ടാത്ത വാതിലുകളില്ല. ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്കു നടന്നുപോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും ഒരിടത്തുമെത്തിയില്ല. തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ അവിടുത്തെ മലയാളി സമാജത്തിന്റെ സഹകരണത്തോടെ അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുണ്ടായില്ല. ഒടുവിൽ കിട്ടിയ സൂചനയനുസരിച്ച് കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
ആവശ്യപ്പെട്ട പുസ്തകം വന്നിട്ടുണ്ടെന്നു സ്റ്റാളിൽനിന്ന് അറിയിച്ചിരുന്നു. അതു വാങ്ങാൻ പോകുന്നതിനായി രാവിലെ മുതൽ അമ്മ സൂര്യയെ നിർബന്ധിച്ചിരുന്നു. 11 മണിയായിട്ടും ഇറങ്ങാത്തതിനു വഴക്കും പറഞ്ഞതായി പറയുന്നു. 11.30നാണ് സൂര്യ ഇറങ്ങിയത്. അച്ഛൻ ബുക്സ്റ്റാളിൽ കാത്തുനിന്നിരുന്നു. 12 ആയിട്ടും മകളെ കാണാതെ വീട്ടിലേക്കു വിളിച്ചപ്പോഴാണ് അവൾ ബാഗിൽ 2 ജോഡി ഡ്രസും കൂടി എടുത്തിട്ടാണു പോയതെന്ന വിവരം രാധാകൃഷ്ണൻ അറിയുന്നത്. വീട്ടിൽ നിന്ന് ടൗണിലേക്ക് എത്തുന്നതിനുള്ള പ്രധാന പാത ഒഴിവാക്കി ഇടവഴിയിലൂടെയാണ് ബസ് സ്റ്റോപ്പിൽ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. മൊബൈൽ ഫോൺ എടുത്തപ്പോൾ അനിയന് ഓൺലൈൻ ക്ലാസുള്ളതിനാൽ കൊണ്ടുപോകേണ്ട എന്ന് അമ്മ പറഞ്ഞതിന് മകൾ ദേഷ്യപ്പെട്ടിരുന്നു. ഗോവയിലേക്കു പോകുന്നു എന്നും പറഞ്ഞാണ് ഇറങ്ങിയതെന്നും പറയുന്നു. തന്നെ ഭയപ്പെടുത്താനാണ് മകൾ ഇങ്ങനെ പറയുന്നതെന്നേ അമ്മ വിചാരിച്ചുള്ളൂ. പൊലീസ് ഗോവയിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പണമോ ആഭരണങ്ങളോ തിരിച്ചറിയൽ രേഖകളോ സൂര്യ എടുത്തിട്ടില്ല. പാലക്കാടുനിന്ന് കോയമ്പത്തൂർ വഴി പോയിരിക്കാമെന്ന നിഗമനത്തിൽ വീണ്ടും പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.