തിരുവനന്തപുരം: മാലിന്യം തള്ളിയ ആളെ കുടുക്കി സ്വന്തം പഴ്സ്. എണ്ണായിരത്തോളം രൂപയും പ്രധാന രേഖകളുമടങ്ങിയ പഴ്സ് സുരക്ഷിതമായി സത്യസന്ധതയോടെ മടക്കിയേൽപ്പിച്ച ശുചീകരണ വിഭാഗം താത്കാലിക ജീവനക്കാർക്ക് കോർപറേഷന്റെ അഭിനന്ദനം. പഴ്സ് ഉടമ പൂഞ്ഞാർ സ്വദേശിക്ക് 2000 രൂപ പിഴയും. ഇത്തരക്കാരെ പിടികൂടാനുള്ള ജീവനക്കാരുടെ കണ്ണു വെട്ടിച്ചാണ് കിള്ളിപ്പാലം ബണ്ട് റോഡിൽ മാലിന്യം തള്ളിയത്.
രാത്രി 8 മുതൽ പുലർച്ചെ 6 വവരെയാണ് ജീവനക്കാരുടെ ഡ്യൂട്ടി . 28 ന് പുലർച്ചെ ഡ്യൂട്ടി അവസാനിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ റോന്തു ചുറ്റലിനിടെയാണ് ആറ്റുകാൽ പുതിയ പാലത്തിനു സമീപം 2 ചാക്കുകളിലാക്കി മാലിന്യം തള്ളിയത് കുമാർ, രാജേഷ്, രഞ്ജിത്ത് എന്നീ തൊഴിലാളികൾ കണ്ടെത്തിയത്. ഓഫിസ് ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്കും പേപ്പറുകളും തിരിച്ചറിയാൻ കഴിയാത്ത വിധം കീറി യ ചാക്കുകളിലാക്കിയിരുന്നതിനാൽ ആദ്യ പരിശോധനയിൽ തെളിവു കിട്ടിയില്ല.
തിരച്ചിൽ തുടർന്നപ്പൊഴാണ് . 7,780 രൂപ, 3 എടിഎം കാർഡുകൾ, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയടങ്ങിയ പഴ്സ് കണ്ടെത്തുന്നത്.. ജീവനക്കാർ കരമന ഹെൽത്ത് ഇൻസ്പെക്ടർ ആർ.അനിൽ കുമാറിനു കൈമാറി, രേഖകളിലുള്ള പൂഞ്ഞാർ സ്വദേശിക്ക് 2000 രൂപയുടെ പിഴ നോട്ടിസ് അയച്ചു. പിഴയൊടുക്കിയ രസീതുമായെത്തിയാൽ ആദ്യം ബോധവൽക്കരണവും പിന്നീട് പഴ്സ് തിരികെ നൽകലുമാണെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ആത്മാർഥതയും സത്യസന്ധതയും മാതൃകയാണെന്നും അവരെ അഭിനന്ദിക്കുന്നതായും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
















