മലബാറില്‍ നിന്നു ആദ്യമായി മൂന്നാറിലേക്ക് ഒരുക്കിയ യാത്ര വന്‍ ഹിറ്റായി പ്രകൃതിമനോഹരമായ മലക്കപ്പാറ കൂടി കുറഞ്ഞ ചിലവില്‍ കാണാനുള്ള അവസരം യാത്രക്കാർക്കു ഒരുക്കി മലപ്പുറം കെഎസ്ആർടിസി. ആദ്യയാത്ര ഒക്ടോബര്‍ 31 ഞായറാഴ്ച രാവിലെ നാലു മണിയോടെ ആരംഭിക്കുമെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ അറിയിച്ചു. പുതിയ പാക്കേജ് പ്രഖ്യാപിച്ചതോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്‍ തിക്കും തിരക്കുമാണ് അനുഭവിക്കാൻ കഴിയുന്നത് . ഇക്കാര്യം കണക്കിലെടുത്ത് നാലുമണിക്ക് ശേഷം നാലേ മുക്കാലിന് ഒരു ബസ് കൂടി മലപ്പുറത്ത് നിന്നു മലക്കപ്പാറയിലേക്ക് ഏര്‍പ്പെടുത്തി.
രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് പന്ത്രണ്ടരയ്ക്കും ഒന്നരയ്ക്കുമിടയില്‍ മലക്കപ്പാറയിലെത്തും. ഉച്ചയ്ക്ക് രണ്ടരയോടെ, തമിഴ്നാട് അതിര്ത്തിക്കരികില് വച്ച് തിരിച്ച് യാത്ര. രാത്രി പത്തു മണിയോടെ തിരിച്ചു മലപ്പുറത്ത് എത്താം. ഒരാള്‍ക്ക് 600 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഭക്ഷണം ഇതില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കും
അതിരപ്പള്ളി കഴിഞ്ഞാൽ ഏകദേശം, 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് യാത്ര. ഭാഗ്യമുണ്ടെങ്കില്‍ വഴിയില്‍ വന്യമൃഗങ്ങളെ കാണാം. യാത്രക്കിടെ, അതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവ വേണ്ടുവോളം കാണാം വാഴച്ചാലിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ ഷോളയാർ ഡാമിന്റെ അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലക്കപ്പാറയെത്തിയാല് മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളുടെ കണ്ണിനിമ്പമേകുന്ന ദൃശ്യമാണ് എങ്ങും
യാത്രക്കിടെ കാടിനുള്ളില്‍ പെട്ടുപോയാലോ എന്ന പേടി വേണ്ട, സ്റ്റെപ്പിനിയും ടൂള്സുമെല്ലാം അടക്കം, സര്‍വ്വവിധ സുരക്ഷാസന്നാഹങ്ങളോടും കൂടിയാണ് മലക്കപ്പാറയിലേക്കുള്ള കന്നിയാത്രയെന്നും ജോഷി ജോണ്‍ മനോരമയോടു പറഞ്ഞു. ചാലക്കുടിയില്‍ നിന്നും പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ കൂടി വണ്ടിയില്‍ കയറുകയും ചെയ്യും. നിലവില്‍ ചാലക്കുടിയില്‍ നിന്നും ഏറെ നാളായി കെഎസ്ആർടിസിയുടെ മലക്കപ്പാറ സര്‍വീസ് ഉണ്ട്. ഇത്തവണ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട, എല്ലാ ഞായറാഴ്ചയും മലക്കപ്പാറ യാത്രക്ക് ബുക്ക് ചെയ്യാം.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 0483 2734950 എന്ന നമ്പരില്‍ ബന്ധപ്പെടാം.