2019ൽ ബൈക്കിൽ ഇന്ത്യ ചുറ്റി വന്ന കൊച്ചി തേവയ്ക്കൽ സ്വദേശി അഫ്സലിന്റെ മനസ്സിൽ ഒരു ആഗ്രഹം ഉദിച്ചു. താൻ മാത്രം കണ്ടാൽ മതിയോ ഈ കാഴ്ചകൾ? വാപ്പയെയും ഉമ്മയെയും ഭാര്യയെയും ഇന്ത്യ ഒന്നു ചുറ്റി കാണിക്കണം. മൂന്നു വയസ്സുള്ള കുഞ്ഞുമുണ്ട് അഫ്സലിന്. തൽക്കാലം ആഗ്രഹം ആരോടും പറഞ്ഞില്ല. 60 വയസ്സുകഴിഞ്ഞ വാപ്പയെയും ഉമ്മയെയും കുഞ്ഞിനെയും കൂട്ടി ഇന്ത്യ ചുറ്റാനിറങ്ങുക എന്നു പറഞ്ഞാൽ സംഗതി അൽപം ‘റിസ്ക്’ തന്നെ. ബന്ധുക്കളോടും മറ്റും പറഞ്ഞാൽ സമ്മതിക്കുമെന്ന് ഒരുറപ്പുമില്ല. തൽക്കാലം ആഗ്രഹം അടക്കിവച്ചു. എങ്കിലും തരംകിട്ടുമ്പോഴെല്ലാം താൻ കണ്ട കാഴ്ചകളുടെ വിശേഷങ്ങൾ ഉമ്മയോടും വാപ്പയോടും പറയുക പതിവായി അഫ്സൽ.
സ്ഥിരം ആ കഥകൾ കേട്ടുകേട്ട് അവരുടെ ഉള്ളിലും യാത്രാമോഹം ഉണരുന്നത് അഫ്സൽ തിരിച്ചറിഞ്ഞു. ഒടുവിൽ രണ്ടും കൽപിച്ച് ആ പദ്ധതി മുന്നോട്ടു വച്ചു. കുടുംബമായി കാറിൽ ഇന്ത്യ കാണാനിറങ്ങുക. ‘നോ’ പറയുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, കേൾക്കേണ്ട താമസം ഉമ്മ കെ.എ.നസീമയും വാപ്പ വി.എ.ഖാദറും ഡബിൾ ഓക്കെ. മൂന്നു വയസ്സുള്ള അമാൻ ഫൈസിയെയും ഒപ്പമെടുത്ത് ഭാര്യ കെ.എച്ച്.രഹനയും തയാർ.
അഫ്സലിനെ പോലെ എല്ലാ ചെറുപ്പക്കാരും ചിന്തിച്ചിരുന്നെങ്കിൽ എത്ര മനോഹരമായിരുന്നു ഈ ലോകം .