പെരിയ ∙ ‘ഒരു ഇമോജിയിലെന്തിരിക്കുന്നു കാര്യം എന്നാണോ?.’ വരട്ടെ, ഇമോജികളിലും ‘കാര്യ’മുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷകർ. നവമാധ്യമങ്ങളിൽ പരസ്പര വിനിമയത്തിന് ഉപയോഗിക്കുന്ന ഇമോജികൾ സാംസ്കാരിക വിത്യാസങ്ങൾ നിറഞ്ഞതാണ് . മുഖഭാവ, വൈകാരിക പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് ഭാവങ്ങൾ(എക്സ്പ്രഷൻസ്) ഇന്ത്യ പോലുള്ള പൗരസ്ത്യരാജ്യങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അവയ്ക്ക് അനുയോജ്യമായ ഇമോജികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടില്ലെന്നുമാണ് ഇവരുടെ പഠനം തെളിയിക്കുന്നത്. അതിനാൽ വിവിധ സംസ്കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യർ നടത്തുന്ന വിനിമയങ്ങളിൽ വലിയ വൈരുധ്യങ്ങളുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ.
കേരള കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസി. പ്രഫസർ ഡോ. ബി. ഇഫ്തിഖാർ അഹമ്മദും പിഎച്ച്ഡി ഗവേഷക വിദ്യാർഥിനി എം.ശ്രീലക്ഷ്മിയുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. യുജിസി കെയർലിസ്റ്റിൽ ഉൾപ്പെട്ട രാജ്യാന്തര ഗവേഷണ ജേർണലായ ‘കലാ സരോവറി’ൽ ഇതുസംബന്ധിച്ച പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പിക്റ്റോഗ്രാം, ലോഗോഗ്രാം, ഐഡിയോഗ്രാം, സ്മൈലി എന്നിങ്ങനെയുള്ള ഡിജിറ്റൽ ടെക്സ്റ്റുകളെ അധികരിച്ചാണ് പഠനം നടന്നത്.