കണ്ണൂർ∙ നവംബർ 1 ന് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും ആശങ്കയും ആശയക്കുഴപ്പവും അകലാതെ മാതാപിതാക്കൾ. യാത്രാ ബുദ്ധിമുട്ടുകളാണു രക്ഷിതാക്കളെ കൂടുതൽ അലട്ടുന്നത്. ഭൂരിഭാഗം സ്കൂൾ ബസുകൾക്കും ഫിറ്റ്നസ് ലഭിച്ചിട്ടില്ല. സ്കൂൾ ബസിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ എന്നാണു നിർദേശം.
നഷ്ടം സഹിച്ച് സ്കൂൾ ബസുകൾ സർവീസ് നടത്തുമോ എന്നകാര്യത്തിലുമുറപ്പില്ല . ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ ജില്ലയിൽ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ എത്രത്തോളം ഫലപ്രദമാകുമെന്നു കണ്ടറിയണം. മാത്രമല്ല, നിരക്കിന്റെ കാര്യത്തിൽ സ്കൂളുകളുമായി ധാരണയിലെത്തേണ്ടതുമുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കേണ്ടതു മാതാപിതാക്കളാണെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ രാവിലെയും ഉച്ചയ്ക്കും കുട്ടികളെ കൂട്ടാൻ ജോലിക്കാരായ മാതാപിതാക്കൾക്കു പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
ഇന്ധനവിലക്കയറ്റം മാതാപിതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലുമാക്കും. ദൂരെയുള്ള സ്കൂളിൽ കുട്ടികളെ ചേർത്തിരിക്കുന്ന മാതാപിതാക്കൾക്കാണു കൂടുതൽ ബുദ്ധിമുട്ട്. സ്കൂളിൽ കുട്ടികളെയുമായി പോകാൻ മാതാപിതാക്കൾ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണം. രണ്ടാം ഡോസ് വാക്സീൻ എടുക്കാത്ത ഒട്ടേറെ മാതാപിതാക്കളുണ്ട്.
കുട്ടികളെ അയയ്ക്കുന്നില്ലെന്ന തീരുമാനത്തിലാണെന്ന് പല മാതാപിതാക്കളും പറയുന്നു. സ്കൂൾ കോംപൗണ്ടിനുള്ളിൽ വാഹനവുമായി നിൽക്കാൻ പാടില്ലെന്നും സർക്കാർ നിഷ്കർഷിക്കുന്നുണ്ട്. ഭൂരിഭാഗം കുട്ടികളെയും മാതാപിതാക്കൾ സ്കൂളിലെത്തിക്കുകയാണെങ്കിൽ സ്കൂൾ കോംപൗണ്ടിൽ വലിയ വാഹനത്തിരക്കുണ്ടാകാനുള്ള സധ്യതയുമുണ്ട്. സ്വന്തമായി വാഹനമില്ലാത്ത ഒട്ടേറെ മാതാപിതാക്കൾ കുട്ടികളെ സ്കൂളിലയയ്ക്കാൻ സ്വകാര്യ ബസുകളെ ആശ്രയിക്കും.എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് മാതാപിതാക്കൾ
ഇതു സ്വകാര്യ ബസ്സിലെ തിരക്കു കൂട്ടും. ഓട്ടോറിക്ഷകളിലും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിരക്കു കൂടാനിടയുണ്ട്. രണ്ടു കുട്ടികളെ മാത്രം ഒരു ബെഞ്ചിലിരുത്തി ക്ലാസെടുക്കാനുള്ള തീരുമാനം നടപ്പാക്കുമ്പോൾ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിലെത്താനുള്ള സൗകര്യം കൂടി സർക്കാർ കണ്ടെത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുന്നു.