മുണ്ടൂർ ∙ കിടക്കയിൽ ഉറക്കത്തിനിടെ മലമ്പാമ്പ്; അത്ഭുതകരമായി രക്ഷപ്പെട്ട് വയോധിക. നാമ്പുള്ളിപ്പുര കളരിക്കൽ വീട്ടിൽ പത്മാവതിയുടെ (70) കാലിലാണു പാമ്പ് ഇഴഞ്ഞുകയറിയത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ഇവിടെ വയോധികരായ മൂന്നു സഹോദരിമാരാണു താമസിക്കുന്നത്. ഉറക്കം ഉണർന്ന ഇളയ സഹോദരി പത്മാവതി കാലിൽ കയറിയത് പൂച്ചയാകും എന്നാണ് ആദ്യം കരുതിയത്. പക്ഷേ, ഭാരം തോന്നിയപ്പോൾ സംശയമായി.
വിളക്കു തെളിച്ചതോടെ മലമ്പാമ്പ് ആണെന്നു വ്യക്തമായി. ഒരു നിമിഷം പകച്ചുപോയെങ്കിലും ആത്മധൈര്യം കൈവിടാതെ പദ്മാവതി സഹോദരിമാരായ ദേവകി (84), ജാനകി (75) എന്നിവരെ വിവരം അറിയിച്ചു. ഇതിനിടെ പൂജാമുറിയിലേക്ക് കയറിയ പാമ്പ് അവിടെ നിന്നു പുരപ്പുറത്തു കയറി.
മൂന്നു മണിക്കൂർ വീട്ടുകാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ പാമ്പ് പുലർച്ചെ ആറിനു സമീപത്തെ കാട്ടിലേക്കു പോയി. അടുത്ത വീട്ടുകാരായ സുനിൽ, ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവരം അറിഞ്ഞ് എത്തി പാമ്പിനെ തുരത്താൻ സഹായിച്ചു. മരത്തിന്റെ അഴികൾ ഉള്ള വീടാണ്. ഇതുവഴിയാകും പാമ്പ് അകത്തു കയറിയത് എന്നു സംശയിക്കുന്നു.
എന്തായാലും പദ്മാവതിയുടെ അവസരോചിതമായ പെരുമാറ്റം കൊണ്ട് ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു .