വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) റാലിക്കിടെ വടക്കൻ ത്രിപുരയിലെ പാനിസാഗർ സബ് ഡിവിഷനിൽ ഒരു മുസ്ലീം പള്ളിയും ഏതാനും കടകളും വീടുകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒക്ടോബർ 22 മുതൽ അഞ്ച് ജില്ലകളിലായി 12 പള്ളികളെങ്കിലും നശിപ്പിക്കപ്പെടുകയും വിശുദ്ധ ഗ്രന്ഥങ്ങൾ കത്തിക്കുകയും ചെയ്തതായി വെബ് പോർട്ടൽ ഇന്ത്യ ടുമാറോ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച പാനിസാഗറിലെ ചാംതില്ല പ്രദേശത്ത് ചില വിഎച്ച്പി പ്രവർത്തകർ പള്ളി അടിച്ചുതകർത്തുവെന്ന് പാനിസാഗർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ സൗബിക് ദേ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. “പിന്നീട്, ആദ്യത്തെ സംഭവത്തിൽ നിന്ന് 800 വാര അകലെയുള്ള റോവ ബസാർ പ്രദേശത്ത് മൂന്ന് വീടുകളും മൂന്ന് കടകളും കൊള്ളയടിക്കുകയും രണ്ട് കടകൾക്ക് തീയിടുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൊള്ളയടിച്ച കടകളും വീടുകളും മുസ്‌ലിം സമുദായാംഗങ്ങളുടേതാണെന്ന് പോലീസ് പറഞ്ഞു.
ഈ സംഭവവുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട് (ദൃശ്യത്തിൽ അക്രമം വളരെ കൂടുതലായതിനാൽ അത് വാർത്തയിൽ ഉൾപ്പെടുത്തുന്നില്ല. ചില സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്). ഒരാളെ രണ്ടാളുകൾ ചേർന്ന് അതിക്രൂമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് ത്രിപുരയിലെ അക്രമവുമായി ബന്ധപ്പെടുത്തിയാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് ത്രിപുരയിലെയോ ഇന്ത്യയിലെയോ തന്നെ ദൃശ്യമല്ല. ഇത് ബംഗ്ലാദേശിൽ നിന്നുള്ള ദൃശ്യമാണ്.
ബംഗ്ലാദേശിലെ ബിലാഷി ടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, ധാക്കയിലെ പല്ലാബി പ്രദേശത്ത് മാണിക്കും മോനീറും ചേർന്ന് ഷാഹിൻ ഉദ്ദ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. പോലീസ് എത്തിയ ശേഷം ഷഹീദ് സുഹ്‌റവർദി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അറിയിച്ചു.
മെയ് 16 ന് ഡെയ്‌ലി സ്റ്റാർ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകുന്നേരം 4:45 ഓടെ വീടിന് മുന്നിൽ വെച്ച് 40 കാരനായ ഉദ്ദീനെ ആക്രമിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽക്കുകയും ചെയ്തു, സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പല്ലാബി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ കാസി വാസെദ് അലി പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവമാണ് ഇപ്പോൾ ത്രിപുരയിലേതെന്ന രീതിയിൽ പ്രചരിക്കുന്നത്. അതേസമയം തന്നെ ത്രിപുരയിൽ നടന്ന സംഭവങ്ങളിൽ പുതിയ പ്രതികരണവുമായി പോലീസ് രംഗത്തെത്തി. വടക്കൻ ത്രിപുര ജില്ലയിൽ കടകളും വീടുകളും പള്ളിയും തകർത്ത് രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില “തികച്ചും സാധാരണ നിലയിലാണെന്ന്” ത്രിപുര പോലീസ് വ്യാഴാഴ്ച അവകാശപ്പെട്ടു. ജില്ലയിൽ ഒരു മുസ്ലീം പള്ളിയും കത്തിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വ്യാജവാർത്തകളും കിംവദന്തികളും പരത്തുന്നത് ദേശവിരുദ്ധരും വികൃതികളുമാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) സൗരഭ് ത്രിപാഠി എഎൻഐയോട് പറഞ്ഞു. “പ്രചരിക്കുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും പാനിസാഗർ സംഭവവുമായി യാതൊരു ബന്ധവുമില്ല,” അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകളും വർഗീയ പ്രാധാന്യമുള്ള കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.