വനത്തിലെ പൂമ്പാറ്റകൾ ഒത്തുകൂടുന്നൊരു സ്ഥലമുണ്ട്. കാടിനു നടുവിൽ തന്നെ. നിലമ്പൂർ തേക്ക് മ്യൂസിയത്തോടു ചേർന്നുള്ള ബട്ടർ ഫൈ ഗാർഡൻ. സീസൺ ആയതോടെ ഇപ്പോൾ ഇങ്ങോട്ട് പൂമ്പാറ്റകൾ കൂട്ടമായി പറന്നെത്തിത്തുടങ്ങി. ഇതോടെ തേക്ക് മ്യൂസിയത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കും മനംകുളിർപ്പിക്കുന്ന കാഴ്ചയാണൊരുങ്ങിയിരിക്കുന്നത്.
ബട്ടർ ഫ്ലൈ ഗാർഡൻ ഓരോയിനം പൂമ്പാറ്റകൾക്കും ഇഷ്ടപ്പെട്ട ചെടികൾ നട്ടുപിടിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. നീലക്കടുവയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് കിലുക്കി, മുഞ്ഞ ചെടികളാണ്. ഗരുഡ ശലഭത്തിന് ഗരുഡക്കൊടി, കൃഷ്ണകിരീടം എന്നിവ. അരളി ശലഭത്തിന് അരളിച്ചെടിക്കു പുറമെ കോളാമ്പിച്ചെടിയോടും ഇഷ്ടമുണ്ട്. ആവണച്ചോപ്പൻ എന്നയിനത്തിന് ആവണക്ക് ചെടിയും പനവർഗങ്ങളുമാണ് പ്രിയം. മഞ്ഞപ്പാപ്പാത്തിക്ക് മല്ലികച്ചെടിയോടാണ് താൽപര്യം. വെള്ളിലത്തോഴിക്ക് മൊസാണ്ടയും വിറവാലന് തെച്ചിയും കൊങ്ങിണിയുമാണ് താൽപര്യംഅങ്ങനെ ഓരോരുത്തർക്കും അവരുടെ ഇണകളുണ്ട്
ഭക്ഷണത്തിനും മുട്ടയിടാനും പ്രത്യേകം ചെടികൾ തിരഞ്ഞെടുക്കുന്ന പൂമ്പാറ്റകളാണ് അധികവും. അതുകൊണ്ടു തന്നെ രണ്ടിനവും ഇവിടെ ശാസ്ത്രീയമായി നട്ടുവളർത്തിയിട്ടുണ്ട്.
ഈ ചെടികളിൽ ചിലത് അവയുടെ ജീവൻ രക്ഷാ ഉപാധികൾ കൂടിയാണ്. കിലുക്കിച്ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതോടെ നീലക്കടുവയുടെ ശരീരം അരുചിയാകുകയും മറ്റു ജീവികൾ അതിനെ വേട്ടയാടുന്നതിൽ നിന്ന് രക്ഷയാകുകയും ചെയ്യുന്നുവെന്ന് അധികൃതർ പറയുന്നു. പൂമ്പാറ്റകളുടെ പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഘടകങ്ങളും ഈ ചെടികളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗരുഡക്കൊടിയുടെ വകഭേദമായ ആഫ്രിക്കൻ കരളകം, യുറേറിയ തുടങ്ങിയ വിദേശ ചെടികളും ഇവിടെ നട്ടുവളർത്തുന്നുണ്ട്.
അധികം ചൂടും അധികം തണുപ്പും ഇല്ലാത്ത ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവിടെ കൂടുതൽ ചിത്രശലഭങ്ങളും എത്തുന്നത്. ദേശാടനം നടത്തുന്ന ശലഭങ്ങളുടെയും ഇഷ്ടതാവളമാണിവിടെ. സീസൺ ആയാൽ ഗാർഡനെ പൊതിഞ്ഞ് ശലഭങ്ങളെത്താറുണ്ട്. നനഞ്ഞ മണ്ണിൽ നിന്നും ധാതുഘടകങ്ങൾ വലിച്ചെടുക്കാനായി പൂമ്പാറ്റകൾ കൂട്ടംകൂടി നടത്തുന്ന മഡ്പഡ്ലിങ് വേറിട്ട കാഴ്ചകയാകും