ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക്(Bineesh Kodiyeri) ജാമ്യം. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കേയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എം ജി ഉമയാണ് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
15ലധികം തവണയാണ് മുൻപ് സെഷൻസ് കോടതി ബിനീഷിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചു. മുൻപ് വാദം കേട്ടിരുന്ന ബെഞ്ച് മാറുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ ബിനീഷിന് ജാമ്യം ലഭിച്ചത്.
ബിസിനസ് സംരംഭങ്ങൾ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയേരിയുടെ ഡ്രൈവർ അനികുട്ടൻ, സുഹൃത്ത് അരുൺ എന്നിവർ അന്വേഷണവുമായി സഹകരിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ബംഗളൂരു കളളപ്പണ കേസിൽ ബിനീഷിൻ്റെ ജാമ്യാപേക്ഷക്കെതിരെ ആയിരുന്നു ഇഡിയുടെ വാദം.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിൻ്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റര്‍ ചെയ്തു. ഇഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എൻസിബിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇഡിയുടേയും എൻസിബിയുടേയും കുറ്റപത്രങ്ങൾ കോടതിയുടെ പരിഗണനയിലാണുള്ളത്.
അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ബിസിനസ്, സിനിമ എന്നിവയില്‍നിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിക്കുന്നു. 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനു ശേഷം നവംബര്‍ 11 മുതല്‍ ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണു ബിനീഷ്.
ജാമ്യഹര്‍ജി ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്ന് ബിനീഷ് ഏപ്രിലില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 7 മാസത്തിനിടെ 3 ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായില്ല. ഒടുവില്‍ നടന്ന വാദം ഈ മാസം 7നു പൂര്‍ത്തിയായി. ഇതിന് പിന്നാലെയായിരുന്നു ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















