തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശ്രീകാര്യം, നേമം, ആറ്റിപ്ര സോണല്‍ ഓഫീസുകളിലെ കളക്ഷന്‍ തുക ബാങ്കില്‍ ഒടുക്കാതെ തട്ടിപ്പ് നടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. ഈ വിഷയം ആ പ്രാധാന്യത്തോടെയാണ് സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും പരിഗണിക്കുന്നതും നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നത്. സോണല്‍ ഓഫീസുകളിലെ ചില ജീവനക്കാര്‍ ഇത്തരം തട്ടിപ്പ് നടത്തിയതായി ആദ്യം കണ്ടെത്തിയത് ഇതേ നഗരസഭയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ്.
ശ്രീകാര്യം സോണല്‍ ഓഫീസിലെ കളക്ഷന്‍ തുക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയതായി പ്രസ്തുത ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടറാണ് ആദ്യം നഗരസഭയ്ക്ക് റിപ്പോര്ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ലഭിച്ച് മൂന്നാം ദിവസം തന്നെ തുക ബാങ്കില്‍ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പ്രസ്തുത സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റഡന്റ് ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
തുടര്‍ന്ന് എല്ലാ സോണല്‍ ഓഫീസുകളിലും അടിയന്തിരമായി ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്കുവാന് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന് നഗരസഭ കത്തു നല്കി. അതുപ്രകാരം സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ റിപ്പോര്‍ട്ട് 2021 ആഗസ്റ്റ് 18, സെപ്തംബര്‍ 20 തീയതികളില്‍ നഗരസഭയ്ക്ക് ലഭിച്ചു. ഇതിനിടയില്‍ തന്നെ ഈ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് നഗരസഭ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയിതു. ഐ പി സി സെക്ഷന്‍ 420, 409 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഓഡിറ്റ് വിഭാഗത്തിൻ്റെ കത്തുപ്രകാരം 6 ദിവസത്തെ കളക്ഷന്‍ തുക നഗരസഭ അക്കൗണ്ടില്‍ വരവു വന്നിട്ടില്ലെന്ന് മനസ്സിലായതിൻ്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട്സ് വിഭാഗം വിശദമായ പരിശോധന നടത്തി. ഇതേത്തുടര്‍ന്ന് ശ്രീകാര്യം സോണല്‍ ഓഫീസിലെ കാഷ്യറായ അനില്‍ കുമാറിനെ സസ്പെന്റ് ചെയ്യുകയും അന്നത്തെ ചാര്‍ജ്ജ് ഓഫീസര്‍ ലളിതാംബികയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സസ്പെന്റ് ചെയ്യപ്പെട്ട കാഷ്യര്‍ക്കും, ഓഫീസ് അറ്റന്റന്ഡിനും ചാര്‍ജ്ജ് മെമ്മോ നല്‍കുകയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അക്കൗണ്ട്സ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.
പിന്നീട് നേമം സോണല്‍ ഓഫീസില്‍ നിന്ന് വിവിധ കാലയളവിലെ കളക്ഷന്‍ തുക നഗരസഭ അക്കൗണ്ടില്‍ വരവു വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തില്‍ ആയതില്‍ വീഴ്ച വരുത്തിയ പ്രസ്തുത സോണല്‍ ഓഫീസിലെ സൂപ്രണ്ട് എസ് ശാന്തിയെയും കാഷ്യര്‍ എസ് സുനിതയെയും റിപ്പോര്‍ട്ട് ലഭിച്ച് രണ്ടാം ദിവസം തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ആറ്റിപ്ര സോണല്‍ ഓഫീസില്‍ നിന്ന് ഒരുദിവസത്തെ കളക്ഷന്‍ തുക അക്കൗണ്ടില്‍ അടയ്ക്കാത്തതായി ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഓഫീസിലെ കാഷ്യര്‍ക്ക് മെമ്മോ നല്‍കുകയും മേല്‍നോട്ട വീഴ്ച വരുത്തിയ അന്നത്തെ ചാര്‍ജ്ജ് ഓഫീസര്‍ സുമതിയോട് വിശദീകരണം തേടുകയും ചെയ്തു. തുക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ ഈ ഓഫീസിലെ ചെയിന്മാനായ ജോര്‍ജ്ജ് കുട്ടിയെ സസ്പെന്റ് ചെയ്തു. ഈ ഓഫീസിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നഗരസഭ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
നഗരസഭയുടെ സോണല്‍ ഓഫീസുകളില്‍ നികുതി / നികുതിയേതര വരുമാനമായി ലഭിക്കുന്ന തുക അടുത്ത ദിവസം രാവിലെ കാഷ്യര്‍ തൊട്ടടുത്ത എസ്ബിഐ ബാങ്കില്‍ നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ കാഷ്യര്‍ ഈ സമയത്ത് ഓഫീസിലെ കാഷ് കൗണ്ടറില്‍ ആയിരിക്കുമെന്നതിനാല്‍ ടിയാള്‍ പൂരിപ്പിച്ചു നല്കുന്ന ചെലാനും തുകയും ഓഫീസിലെ പ്യൂണിനെയോ, മറ്റു ജീവനക്കാരെയോ ഉപയോഗിച്ച് ബാങ്കില്‍ കൊണ്ടുപോയി അടയ്ക്കുകയാണ് ചെയ്യാറുള്ളത്.
തുക നഷ്ടപ്പെട്ട ദിവസങ്ങളില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സോണല്‍ ഓഫീസുകളില്‍ നിന്നും ബാങ്കില്‍ തുക അടയ്ക്കാന്‍ കൊണ്ടുപോയി. എന്നാല്‍ ബാങ്കില്‍ അടയ്ക്കാതെ, ബാങ്കിന്റെ കൗണ്ടര്‍ ഫോയില്‍ വ്യാജമായി ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ചെലാന്‍ കൗണ്ടര്‍ ഫോയിലില്‍ മറ്റു സീലുകള്‍ പതിപ്പിച്ചോ സീലുകളിലാത്ത കൗണ്ടര്‍ ഫോയില്‍ തന്നെയോ രജിസ്റ്ററില്‍ പതിച്ചുവെയ്ക്കുകയുമാണ് ചെയ്തത്. ഇതില്‍ കാഷ്യര്‍, ബാങ്കില്‍ തുക ഒടുക്കാന്‍ കൊണ്ടുപോയ ജീവനക്കാരന്, കൗണ്ടര്‍ ഫോയില്‍ പരിശോധിച്ച് ഒപ്പിട്ട് രജിസ്റ്റര്‍ സൂക്ഷിക്കുന്ന സൂപ്രണ്ടുമാര്‍ എന്നിവര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണ് തെളിഞ്ഞു.
ഏതെങ്കിലും നികുതിദായകരെ സംബന്ധിച്ചിടത്തോളെ അവരടച്ച തുകയുടെ രസീത് കൈവശമില്ലെങ്കിലും ഇതേക്കുറിച്ച് ആശങ്ക ഉണ്ടാകേണ്ടതില്ല. കാരണം നികുതിദായകരില്‍ നിന്ന് സ്വീകരിച്ച പണത്തിന് നഗരസഭയുടെ സോണല്‍ ഓഫീസുകളില്‍ രേഖയുണ്ട്. ആയത് നഗരസഭയുടെ ഇതിനായുള്ള സോഫ്റ്റ് വെയറില്‍ പോസ്റ്റ് ചെയ്യുന്ന മുറയ്ക്ക് ഓണ്‍ലൈനിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഇതിനുള്ള നടപടികള്‍ നഗരസഭ ഇപ്പോള്‍ അതിവേഗതയില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് നഗരസഭ അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe