ഹിമാലയസാനുക്കളിലൂടെ ഒരു തീര്‍ത്ഥയാത്രയിലായിരുന്നു നടി സാമന്ത. ഉത്തരേന്ത്യയിലെ പ്രശസ്തമായ ചാര് ധാം യാത്രക്കിടെ എടുത്ത നിരവധി ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ബീറ്റിൽസ് ആശ്രമത്തില്‍ നിന്നാണ് സാമന്ത ആദ്യചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗീതപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ദി ബീറ്റിൽസ് റോക്ക് ബാന്‍ഡിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ സ്ഥലമാണിത്. 2015 ൽ ഇവിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അന്നുമുതലാണ് ഇവിടം ‘ബീറ്റിൽസ് ആശ്രമം’ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്. വൈകുന്നേരം നാലുമണി വരെ ഇവിടം സഞ്ചാരികള്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിടും.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൂടെ നടത്തുന്ന ചാര് ധാം യാത്രക്കിടെ ബദരീനാഥ് ക്ഷേത്രത്തിനരികില്‍ നിന്നും യമുനോത്രിയില്‍ നിന്നും എടുത്ത ചിത്രങ്ങളും സാമന്ത പങ്കുവച്ചിട്ടുണ്ട്. യാത്രാപങ്കാളിയായ ശില്‍പ്പാ റെഡ്ഡിക്കൊപ്പം എടുത്ത ചിത്രത്തിനോടൊപ്പം പങ്കുവച്ച കുറിപ്പില്‍, ഹിമാലയത്തോടുള്ള തന്റെ ഏറെക്കാലമായുള്ള ഇഷ്ടം എന്നും സാമന്ത കുറിച്ചിട്ടുണ്ട്.
“ഹിമാലയം എനിക്ക് എന്നും കൗതുകമായിരുന്നു… മഹാഭാരതം വായിച്ച കാലം മുതൽ, ഭൂമിയിലെ ഈ സ്വർഗം സന്ദർശിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു, അത് മഹത്തായ നിഗൂഢതകളുള്ള .. ദൈവങ്ങളുടെ വാസസ്ഥലമാണ്. ഞാൻ പ്രതീക്ഷിച്ചതെല്ലാം കണ്ടു.”യാത്രയുടെ അവസാനം ബദരീനാഥില്‍ നിന്നെടുത്ത ചിത്രത്തോടൊപ്പം സാമന്ത ഹൃദയത്തില്‍ തൊട്ട് എഴുതിട്ടുണ്ട്.
ബദരീനാഥ്, ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഒറീസയിലെ പുരി എന്നിവയാണ് ചാർധാം ക്ഷേത്രങ്ങൾ. ഇതിൽ ഏറ്റവും സാഹസികത നിറഞ്ഞ യാത്ര ബദരീനാഥ് തന്നെ. ഹിമാലയത്തിൽനിന്നു പതിനായിരത്തോളം അടി ഉയരത്തിലാണ് ബദരീനാഥ്. ഹിമാലയം യാത്ര ഏതൊരു സഞ്ചാരിയുടെയും വൈകാരിക അനുഭൂതികളെ തൊട്ടുണർത്തുന്ന സാഹസികത യാത്രയാണ്. മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ബദരീനാഥിന്റ ഏറ്റവും വലിയ ദൃശ്യഭംഗി.
ഹിമാലയത്തിന്റെ താഴ്വരയിലാണ് ബദരീനാഥ ക്ഷേത്രം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ മാധ്യമങ്ങളിലും വാർത്തയിലും ഏറ്റവും കൂടുതൽ ഇടം നേടിയ സ്വപ്നഭൂമിയാണ് ഉത്തരാഖണ്ഡിലെ ബദരീനാഥ ക്ഷേത്രം.