നീലേശ്വരം ∙ തീരദേശ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനെ തുടർന്ന് തോട്ടം ജംക്‌ഷനിൽ 33 കെ.വി.സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു . വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ അസാന്നിധ്യത്തിൽ കണിച്ചിറ വാർഡ് കൗൺസിലർ കെ.പ്രീതയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.ഗൗരി അനുവാദകയായി.
നഗരസഭയുടെ തീരദേശ വാർഡുകളായ 23 മുതൽ 31 വരെയുള്ള 9 വാർഡുകളിലേക്ക് നിലവിൽ പടന്നക്കാട്ടെ കെഎസ്ഇബി സെക്‌ഷനിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് . 15 കിലോമീറ്റർ അകലെയുള്ള പുത്തരിയടുക്കം സബ് സ്റ്റേഷൻ, 10 കി.മീ അകലെയുള്ള കാഞ്ഞങ്ങാട് ടൗൺ സബ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതിയെത്തുന്നത്.
വൈദ്യുതി ലൈൻ കടന്നു വരുന്ന വഴിയിൽ തടസങ്ങളുള്ളതിനാൽ പടന്നക്കാട് സെക്‌ഷനിൽ വൈദ്യുതി മുടക്കവും പതിവാണ്. ഇരു സബ് സ്റ്റേഷനുകളിലും വൈദ്യുതി തടസം വന്നാൽ തീരദേശ മേഖലയിലേക്ക് മറ്റൊരിടത്തു നിന്നും വൈദ്യുതി മാറ്റിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്.ഇത് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു . മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പടന്നക്കാട്ടെ ഫീഡറുകൾ ഓവർ ലോഡ് ആയി അപ്രഖ്യാപിത ലോഡ് ഷെഡിങ് വരുന്നതും പതിവാണ്.
ഇതിനെല്ലാം പരിഹാരമായി നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയിൽ തോട്ടം ജംക്‌ഷനിൽ സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. നഗരസഭാധ്യക്ഷ ടി.വി.ശാന്ത, സ്ഥിരം സമിതി അധ്യക്ഷ വി.ഗൗരി, കൗൺസിലര്മാരായ റഫീഖ് കോട്ടപ്പുറം, ഇ.ഷജീർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു