ബാലുശ്ശേരി ∙തെരുവ് നായകളെ വന്ധികരിക്കുന്നതിനും , പേവിഷ ബാധ നിയന്ത്രിക്കുന്നതിനായി എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്റർ വട്ടോളി ബസാറിൽ പ്രവർത്തന സജ്ജമാകുന്നു. ആധുനിക സംവിധാനങ്ങളോടെയാണ് എബിസി സെന്റർ ഒരുക്കുന്നത്. കുടുംബശ്രീ മിഷൻ ജില്ലാ പഞ്ചായത്ത് മുഖേന അനുവദിച്ച 63 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ജില്ലയിലെ മാതൃകാ പദ്ധതിയാണിത്.
മൃഗാശുപത്രി, കൃഷിഭവൻ പരിസരത്തെ സർക്കാർ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് തെരുവു നായ്ക്കളെ പിടികൂടി ഇവിടെ എത്തിച്ച് വന്ധ്യംകരണം നടത്തും. 3 വർഷം മുൻപ് ഇവിടെ എബിസി സെന്റർ പ്രവർത്തനം തുടങ്ങിയെങ്കിലും അധിക കാലം മുന്നോട്ടു പോയില്ല. ശസ്ത്രക്രിയ കഴിഞ്ഞ 12 നായ്ക്കൾ അടക്കം 24 തെരുവു നായ്ക്കളാണ് പട്ടിണിയും അണുബാധയും കാരണം ചത്തത്.
ഇതോടെ കരുണ എബിസി സെന്റർ അടച്ചു പൂട്ടി. വന്ധ്യംകരണ പദ്ധതി നിലച്ചതോടെ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ഇവയുടെ ആക്രമണവും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബാലുശ്ശേരി മേഖലയിൽ ഒട്ടേറെ പേരെ തെരുവു നായ ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു. നിർമാണം പൂർത്തിയായ എബിസി സെന്ററിൽ ശസ്ത്രക്രിയ തിയറ്റർ, അനുബന്ധ മുറികൾ എന്നിവ അടുത്ത ദിവസങ്ങളിലായി തയാറാക്കും.
















