പ്രകൃതിഭംഗി കൊണ്ട് നമ്മുടെ മനസ് കവരുന്ന തണുപ്പും കോടമഞ്ഞും നൂൽമഴയും കൂട്ടുവരുന്ന ഒരു യാത്രയ്ക്കാണ് നിങ്ങൾ തയാറെടുക്കുന്നതെങ്കിൽ വട്ടവടയിലേക്ക്(Vattavada) പോന്നോളു. പാതയുടെ ഇരുവശവും ആകാശത്തെ കൈനീട്ടി തൊടാനെന്ന പോലെ നിൽക്കുന്ന പൈൻ മരക്കാടുകൾ താണ്ടിയുള്ള വട്ടവട യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.
മൂന്നാറിൽ(Munnar) നിന്നും നാൽപ്പത്തിയഞ്ച് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ വട്ടവടയെത്താം. അടിമാലിയും കടന്നു വാഹനം മുന്നോട്ടു നീങ്ങുമ്പോഴേ പച്ചപ്പിൻ്റെ സുഖകരമായ വിരുന്നൊരുക്കി തേയിലക്കാടുകൾ തലപൊക്കി തുടങ്ങും. അതിൻ്റെ അരികുപറ്റിയുള്ള യാത്ര കുറച്ചുകൂടി മുന്നോട്ടുപോകുമ്പോൾ തണുപ്പ് ഇരുകൈകളും നീട്ടി ആശ്ലേഷിക്കാനെത്തും.
പച്ചക്കറി തോട്ടങ്ങളാണ് വട്ടവടയിലെ പ്രധാന ആകർഷണം. തമിഴ്നാടിനോടു(Tamilnadu) ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദൂരകാഴ്ചയിൽ തന്നെ വട്ടവട നമ്മുടെ ഹൃദയം കീഴടക്കും. തട്ടുകളായുള്ള കൃഷിത്തോട്ടങ്ങൾക്കു പല വർണങ്ങളാണ്. ഏതോ ചിത്രകാരൻ്റെ കാൻവാസിൽ പകർത്തിയ മനോഹരമായ ഒരു ഭൂമികയുടെ ചിത്രമാണോ ഇതെന്ന തോന്നൽ സന്ദർശകരിലുണ്ടായാൽ തെറ്റുപറയാൻ കഴിയില്ല. അത്രയേറെ സുന്ദരിയാണ് സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ ഈ അതിർത്തി ഗ്രാമം.
ചെക്ക് പോസ്റ്റിലെ ചെറിയ പരിശോധനയ്ക്ക് ശേഷം മാത്രമേ സന്ദർശകർക്കു ഇവിടേയ്ക്ക് പ്രവേശനമുള്ളൂ. യൂക്കാലിപ്റ്റസും പൈൻ മരക്കാടുകളും ധാരാളമുള്ള ഈ ഭൂമിയെ പച്ചപ്പിൻ്റെ സ്വർഗമെന്നു തന്നെ വിശേഷിപ്പിക്കാം. ഓരോ സീസൺ അനുസരിച്ചുള്ള പച്ചക്കറികളും പഴങ്ങളും ഓരോ കൃഷിയിടത്തിലും വിളഞ്ഞു നിൽക്കുന്നതു കാണാം. മൂന്നു സീസൺ ആയാണ് ഇവിടെ പച്ചക്കറികൾ കൃഷി ചെയ്യുന്നത്.
തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന ഒരു ഗോത്രജനതയാണ് വട്ടവടയിലെ തദ്ദേശീയർ. ഏറെ വ്യത്യസ്തമായ ആചാരങ്ങളും കലാരൂപങ്ങളും നാട്ടുവൈദ്യവും ജീവിത രീതിയുമൊക്കെയാണ് ഇവർ പിന്തുടർന്നു പോരുന്നത്. പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു കൊണ്ടു ഈ ഭൂമിയിലൂടെ ഒന്നിറങ്ങി നടന്നാൽ ക്യാരറ്റും കാബേജും ബീൻസും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും പഴങ്ങളും വിളഞ്ഞു നിൽക്കുന്നത് കൺകുളിർക്കെ കാണുകയും ചെയ്യാം.
മനസുനിറഞ്ഞയായിരിക്കും ഓരോ സഞ്ചാരിയും വട്ടവടയിൽ നിന്നും മടങ്ങാറ്. കാരണം പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സൗന്ദര്യമുണ്ട് ഈ നാടിന്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും കാണാനുള്ള ഒരു യാത്രയ്ക്കാണ് തയാറെടുക്കുന്നതെങ്കിൽ വട്ടവട ഒരിക്കലും ആരെയും നിരാശരാക്കില്ല.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe