വെഞ്ഞാറമൂട്∙ മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിനു ശേഷം സാക്ഷിയായ മകനെയും കൊലപ്പെടുത്തി.മേൽപ്പറഞ്ഞ കേസിൽ 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു . 6 വർഷം മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. നെല്ലനാട് കീഴായിക്കോണം കൈതറക്കുഴി വീട്ടിൽ പരേതരായ തുളസി-കമല ദമ്പതികളുടെ മകൻ പ്രദീപ് കുമാർ(32)നെ യാണ് തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊലപ്പെടുത്തിയത് . 2015 മാർച്ച് 26ന് കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടിൽ പ്രദീപിനെ കഴുത്തിൽ കൈലിമുണ്ട് കുരുക്കി കൊലപ്പെടുത്തിയ അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
വണ്ടിപ്പുര കൈതറക്കുഴി വീട്ടിൽ പുഷ്പാകരൻ(45), ഇയാളുടെ ഭാര്യാസഹോദരൻ വിനേഷ്(35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ്(40),സുരേഷ്(42) എന്നിവരെയാണ് പൊലീസ് ആറസ്റ് ചെയ്തത് . മൂന്നാം പ്രതി വെളുത്തപാറ വീട്ടിൽ റീജു,ആത്മഹത്യ ചെയ്തിരുന്നു. പ്രദീപിന്റെ മാതാവ് കമലയുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെട്ടിരിന്നു .പ്രദീപിന്റെ മാതാവിനെ മർദിക്കുകയും ചെയ്തതിരുന്നു .അതിനു ശേഷം സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു .ഈ സംഭവത്തിൽ ഏക സാക്ഷിയായിരുന്നു മകൻ പ്രദീപ്.
കേസിന്റെ വിചാരണ ആരംഭിക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കേസിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നു പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം ഫോൺകോളുകൾ വിശകലനം ചെയ്താണ് പ്രതികളെ കുടുക്കിയത്. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, അഡീഷനൽ എസ്പി ഇ.എസ്. ബിജുമോൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കർ, തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി എൻ. വിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.