മുംബൈ : ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് ഷാരൂഖ് ഖാനും കജോളും. സ്ക്രീനിലെ ഈ ഹിറ്റ് ജോഡി ജീവിതത്തിലും അടുത്ത കൂട്ടുകാരാണ്. ഈ താര കോമ്പോ ഒന്നിച്ച നിരവധി ചിത്രങ്ങൾ സിനിമാപ്രേമികളുടെ ഇഷ്ടസിനിമാ പട്ടികയിൽ മുന്നിലുണ്ട്. അതിലൊന്നാണ് ബോക്സ്ഓഫീസ് കണക്കുകളെ കാറ്റിൽ പറത്തിയ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’.
ചിത്രം പുറത്തിറങ്ങി ഇക്കഴിഞ്ഞ ഒക്ടോബർ 20ന് 26 വർഷം പിന്നിട്ടു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കുറിപ്പ് പങ്കുവച്ച കജോൾ ഷാരൂഖിന്റെ ആരാധകരിൽ നിന്ന് വലിയ വിമർശനം നേരിടുകയാണ്.
“സിമ്രാൻ 26 വർഷം മുമ്പാണ് ആ ട്രെയിൻ പിടിച്ചത്. ആ സ്നേഹത്തിന് ഞങ്ങൾ എല്ലാവരോടും ഇപ്പോഴും നന്ദി അറിയിക്കുന്നു” -ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം പങ്കുവച്ച് കജോൾ കുറിച്ചു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ ഷാരൂഖ് ആരാധകർ രംഗത്ത് വന്നത്. സൂപ്പർ ഹിറ്റ് സിനിമകളിലെ തൻറെ നായകനും സുഹൃത്തുമായ ഷാരൂഖ് ഇപ്പോൾ കടന്നുപോകുന്ന വിഷമസന്ധിയിൽ ഒരുവിധത്തിലുള്ള പിന്തുണയും നടിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് ആരാധകർ വിമർശനമുന്നയിക്കുന്നത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖിന്റ മകൻ ആര്യൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ പരസ്യമായ പിന്തുണ കജോൾ അറിയിച്ചില്ലെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്തിലൂടെ ഷാരൂഖും കുടുംബവും കടന്നുപോകുമ്പോൾ ചിത്രത്തിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങിയ കജോളിനെതിരേ ട്രോളുകളും ശക്തമാണ്.
















