തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാവും. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പറിയിച്ചു. കോട്ടയത്ത് കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്തമഴ പെയ്യുകയാണ്.
വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ശക്തമായ മഴയാണ് തുടരുന്നത്.
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച 11 ജില്ലകളിലും, ചൊവ്വാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ചൊവ്വാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
അറബിക്കടലില്‍ കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയും തുടരുകയാണ്.ഇതിൻ്റെ ഫലമായാണ് അതിശക്തമായ മഴ തുടരുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച തുലാവര്‍ഷം കേരളത്തിലെത്തുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ വിലയിരുത്തല്‍.

















