തിരുവനന്തപുരം: അനുപമയുടെ അറിവോടെയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് എന്ന നാസിയയുടെ ആരോപണത്തിന് പിന്നിൽ പാർട്ടിയെന്ന് അനുപമ. അച്ഛൻ ജയചന്ദ്രനും അതിന് പിന്നിലുണ്ട്. വിവാഹ മോചനം നല്കാതിരിക്കാൻ നേരത്തെ ജയചന്ദ്രൻ നാസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്ന് അനുപമയുടെ പങ്കാളി അജിത്ത് വെളിപ്പെടുത്തി.
കുട്ടിക്കായി സമരം ചെയ്യുന്ന അനുപമയ്‌ക്കെതിരെ അജിത്തിൻ്റെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു. പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്നും അനുപമ സമ്മതപത്രം നൽകിയത് താനും കണ്ടിരുന്നെന്നും നാസിയ പറഞ്ഞിരുന്നു. തൻ്റെ ഭർത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് വിവാഹമോചനം നേടിയതെന്നും നാസിയ ആരോപിച്ചു.

















