തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ പ്രതിഷധത്തിനും അമ്മയുടെ നിരാഹാര സമരത്തിനും ഒടുവിൽ സര്‍ക്കാര്‍ ഇടപെടല്‍. ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ്(Veena George) നിര്‍ദേശം നല്‍കി.
നടപടികള്‍ നിര്‍ത്തിവച്ചതായി കോടതിയെ അറിയിക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസമെന്ന് അനുപമ പ്രതികരിച്ചു. ഇന്ന് കോടതിയിൽ പോകാൻ ഇരുന്നതാണെന്നും, അതിന് മുമ്പാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന വിശ്വാസം തോന്നുന്നുണ്ട്.
നൊന്തു പെറ്റ കുഞ്ഞിനെ തേടി അനുപമ സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരമിരിക്കുന്നതിനിടെയാണ് സർക്കാർ ഇടപെടൽ. പരാതി അവഗണിച്ച ശിശുക്ഷേമ സമിതി അടക്കമുള്ള സംവിധാനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.

















