ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകനും പ്രശസ്ത സംഗീതജ്ഞനുമായ വി ദക്ഷിണാമൂർത്തിയുടെ(V Dakshinamoorthy) ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
1948 ലാണ് ദക്ഷിണാമൂർത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാഗർകോവിൽ സ്വദേശിനിയായ കല്യാണിയമ്മാൾക്ക് അപ്പോൾ 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂർത്തിയുടെ സംഗീതപരിപാടികൾ, അഭിമുഖങ്ങൾ, റെക്കോർഡിങ് തുടങ്ങിയവയുടെ മേൽനോട്ടം ഇവർക്കായിരുന്നു. സംഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂർത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം ചെന്നൈയിൽ കല്യാണിയമ്മാളിനാണ് കൈമാറിയത്.
മക്കൾ: വെങ്കിടേശ്വരൻ, വിജയ, ഗോമതി. മരുമക്കൾ: ലളിത, ആനന്ദ്, പരേതനായ രാമസുബ്രഹ്മണ്യം.
















