കോളിച്ചാൽ ∙ കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ മുക്കുപണ്ടത്തട്ടിപ്പ്. തട്ടിപ്പ് നടത്തിയ അപ്രൈസർ ബാലകൃഷ്ണനെ ജോലിയിൽ നിന്നു പുറത്താക്കി. കഴിഞ്ഞ ദിവസം അപ്രൈസറുടെ ഭാര്യ ബാങ്കിൽ പണയം വയ്ക്കാൻ എത്തിച്ച സ്വർണത്തിൽ സംശയം തോന്നിയ മാനേജർ സ്വർണം മറ്റൊരു അപ്രൈസറെ കൊണ്ടു പരിശോധിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്. മുക്കുപണ്ടത്തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ വസ്തുവിന്മേൽ കൂടുതൽ പണം അപ്രൈസർ എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
അപ്രൈസറുടെ നേതൃത്വത്തിൽ ഇതിനു മുൻപും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. സംഭവത്തെ തുടർന്ന് ഗ്രാമീൺ ബാങ്ക് എജിഎം വി.എം.പ്രഭാകരൻ, ചീഫ് മാനേജർ ടി.വി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബാങ്കിൽ വിശദ പരിശോധന നടന്നുവരികയാണ്. പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് അപ്രൈസറെ ജോലിയിൽ നിന്നു പുറത്താക്കിയത്.
പരിശോധന പൂർത്തിയായാൽ മാത്രമേ കൃത്യമായ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളു എന്ന് ബാങ്ക് മാനേജർ വി.രാജൻ പറഞ്ഞു. അതേസമയം ബാങ്കിൽ സ്വർണ വായ്പയിൽ തട്ടിപ്പ് നടന്നതറിഞ്ഞ് ഇടപാടുകാർ സ്വർണം തിരിച്ചെടുക്കാൻ കൂട്ടത്തോടെ ബാങ്കിൽ എത്തി. പരിശോധന നടക്കുന്നതിനാൽ സ്വർണം തിരിച്ചെടുക്കാൻ സാധിക്കാതെ വന്നതോടെ ഇടപാടുകാർ പ്രതിഷേധിച്ചു. ബാങ്കിൽ നടന്ന മുക്കുപണ്ടത്തട്ടിപ്പ് സംബന്ധിച്ച് അധികൃതർ ഇന്നലെ രാജപുരം പൊലീസിൽ പരാതി നൽകി.