ദുബായ് : സൈബർ സുരക്ഷ ശക്തമാക്കാനും നടപടികൾ കൈക്കൊള്ളാൻ ആവശ്യമായ സമയക്രമം കുറയ്ക്കാനും പദ്ധതികളുമായി യു.എ.ഇ. സർക്കാരിന്റെ സൈബർ സെക്യുരിറ്റി കൗൺസിൽ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്തുമായി കൈകോർക്കുന്നു. എല്ലാ സർക്കാർ, അർധസർക്കാർ സംവിധാനങ്ങൾക്കും നൂതന സംവിധാനങ്ങൾ ലഭ്യമാക്കുക വഴി സുരക്ഷാകവചം ശക്തമാക്കും.
സ്വകാര്യ-പൊതുസംവിധാനങ്ങളുടെ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായുള്ള സങ്കീർണമായ പ്രവർത്തനങ്ങളിൽ വിഘാതം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ എപ്പോഴും കരുതിയിരിക്കണമെന്ന് യു.എ.ഇ. സൈബർ സുരക്ഷാ വിഭാഗം തലവൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈതി പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ-പൊതുപങ്കാളിത്തത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ നിർണായകമാണ്. ഇത്തിസലാത്തുമായുള്ള പങ്കാളിത്തത്തിലൂടെ ദേശീയ സുരക്ഷാ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹഹം പറഞ്ഞു.
അതിവേഗത്തിലുള്ള ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി സംഭവിച്ചേക്കാവുന്ന എല്ലാ വെല്ലുവിളികളും നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി ഇത്തിസലാത്ത് ഗ്രൂപ്പ് സി.ഇ.ഒ. ഹാതിം ദോവിതാർ പറഞ്ഞു.