വടക്കഞ്ചേരി ∙ ഉറ്റവരും ഉടയവരും മാത്രമല്ല, നാടു മുഴുവന്‍ കരഞ്ഞു മെൽബിൻ ജോർജിന്റെ (37) അപ്രതീക്ഷിത വേർപാടിൽ. കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ ചെറുപുഞ്ചിരിയോടെ വിളിച്ചാൽ വിളിപ്പുറത്തെത്തിയിരുന്ന മെൽബിൻ കൂടെ ഇല്ല എന്ന ഞെട്ടലിൽനിന്ന് ഇപ്പോഴും പ്രിയപ്പെട്ടവരും സഹപ്രവർത്തകരും മോചിതരായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരെ സഹായിച്ചതിന് ജില്ലാ ആശുപത്രിയിൽനിന്ന് ആദരം ഏറ്റുവാങ്ങിയ മെൽബിൻ വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.
ബുധനാഴ്ച വൈകിട്ട് പ്ലാച്ചിമട കോവിഡ് കെയര്‍ കേന്ദ്രത്തിൽനിന്ന്, കോവിഡ് മുക്തി നേടിയവരെ വീട്ടിലെത്തിക്കാൻ പോകുന്നതിനിടെയാണ് ആംബുലൻസ് മറിഞ്ഞ് 108 ആംബുലൻസിന്റെ ജില്ലാ കോഓർഡിനേറ്റർ കൂടിയായ മെൽബിൻ മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചതു മുതൽ പ്രിയപ്പെട്ടവർ മെല്‍ബിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ബിഷപ് മാർ. ജേക്കബ് മനത്തോടത്തിന്റെ മുഖ്യ കാർമിതക്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടന്നു.2019 ഡിസംബറിലാണു മെൽബിൻ സർക്കാരിന്റെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്. ജില്ലയിലെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിലായിരുന്നു മെൽബിൻ സേവനം അനുഷ്ഠിച്ചിരുന്നത്. രാപകൽ വ്യത്യാസമില്ലാതെ കോവിഡ് ബാധിതർക്ക് ആശ്വാസമായി എന്താവശ്യത്തിനും മെൽബിന്‍ ഉണ്ടായിരുന്നു.
8 വർഷത്തോളം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നഴ്‌സിങ് അസിസ്റ്റന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വടക്കഞ്ചേരി ആമക്കുളം കണ്ടംപറമ്പിൽ ജോർജ് വർഗീസ്– മേരിക്കുട്ടി ദമ്പതികളുടെ മകനാണു മരിച്ച മെൽബിൻ ജോർജ്. ഭാര്യ നേഴ്സായ ജിന്റു. അഞ്ചു വയസ്സുകാരൻ ജോഹൻ ആണ് മകൻ. വീട്ടുകാർക്കൊപ്പം കനിവ് ‘108 ആംബുലൻസ് കുടുംബത്തിലെ’ അംഗങ്ങളും ഒരു നാട് മുഴുവനും തന്നെയും ചേർന്നാണ് വേദനയോടെ മെൽബിനെ യാത്രയാക്കിയത്.