ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ട് രാജ്യം ചരിത്രനേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അഭിസംബോധനക്കൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
വാക്‌സിൻ വിതരണത്തിലെ ചരിത്രനേട്ടത്തിന് പിന്നിൽ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളുടേയും 130 കോടി ജനങ്ങളുടേയും ഇന്ത്യൻ ശാസ്ത്രത്തിന്റേയും പ്രയത്‌നമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. നേട്ടത്തിന് പിന്നാലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.