മസ്കറ്റ്: ഒമാനെ എട്ടു വിക്കറ്റിന് കീഴടക്കി സ്കോട്ലൻഡ് ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 യോഗ്യത നേടി. നിർണായക മത്സരത്തിൽ ഒമാൻ ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡ് 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്ലൻഡ് ടി-20 ലോകകപ്പിൻ്റെ ആദ്യ റൗണ്ട് കടക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഒമാനെ സ്കോട്ലൻഡ് മികച്ച ബൗളിംഗിലൂടെ ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു. ക്യാപ്റ്റൻ സീഷൻ മഖ്സൂദിൻ്റെ (34) ഇന്നിംഗ്സാണ് ഒമാനെ മാന്യമായ സ്കോറിൽ എത്തിച്ചത്. അക്വിബ് ഇലിയാസ്(37), മുഹമ്മദ് നദീം(25) എന്നിവരും രണ്ടക്കം കടന്നു.
സ്കോട്ട്ലൻഡിനായി ജോഷ് ഡേവി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സഫ്യാൻ ഷരീഫ്, മൈക്കൽ ലീസ്ക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ബാറ്റർമാരെല്ലാം മികവ് പുലർത്തിയതോടെ കാര്യമായ വിക്കറ്റ് നഷ്ടമില്ലാതെ സ്കോട്ലൻഡ് വിജയത്തിലെത്തി. ജോർജ് മൻസെ(20), ക്യാപ്റ്റൻ കൈൽ കോട്സെർ(41) എന്നിവർ പുറത്തായി. മാത്യൂ ക്രോസും(26) റിച്ചീ ബെറിംഗ്ടണും(31) പുറത്താകാതെനിന്നു. 17ആം ഓവറിലെ അവസാന രണ്ട് പന്തുകളിൽ ബൗണ്ടറിയും സിക്സറും അടിച്ച ബെരിങ്ടൺ ആണ് സ്കോട്ട്ലൻഡിനെ വിജയിപ്പിച്ചത്.
സ്കോട്ടിഷ് പടയുടെ ജയത്തോടെ ഒമാൻ സൂപ്പർ 12 യോഗ്യത നേടാതെ പുറത്തായി. ഗ്രൂപ്പ് ബിയിൽ നിന്ന് ബംഗ്ലാദേശും സ്കോട്ലൻഡിനൊപ്പം സൂപ്പർ 12ലെത്തി. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ പപ്പുവ ന്യൂ ഗിനിയയും ആദ്യ റൗണ്ടിൽ പുറത്തായി.
സൂപ്പർ 12ൽ അഫ്ഗാനിസ്ഥാനെതിരെയാണ് സ്കോട്ട്ലൻഡിൻ്റെ ആദ്യ മത്സരം. അടുത്ത തിങ്കളാഴ്ച ഷാർജയിലാണ് മത്സരം നടക്കുക.