മുംബൈ: അഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ആര്യൻ ഖാനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈയിലെ എന്‍ഡിപിഎസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ആര്യന്റെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 26നാണ് ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുക.
അതേസമയം, രാവിലെ മകൻ ആര്യൻ ഖാനെ കാണാൻ ഷാറൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തിയിരുന്നു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാൻ ഷാറൂഖ് എത്തുന്നത്. ഏകദേശം 20 മിനുറ്റോളം ഷാറൂഖ്, ആര്യനുമായി സംസാരിച്ചെന്നാണ് ജയിൽ അധികാരികളെ ഉദ്ധരിച്ച് ദേശീയമധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ, നടി അനന്യ പാണ്ഡയെയുടെ വീട്ടിലും എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അനന്യയുടെ ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിനുപിന്നാലെ എന്‍സിബി ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ട് മണിക്കൂറോളം അനന്യയെ അന്വേഷണ സംഘം ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസും നല്‍കിയിട്ടുണ്ട്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അനന്യയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍.സി.ബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ന് നടിയുടെ വീട്ടില്‍ എന്‍.സി.ബി റെയ്ഡും നടന്നിരുന്നു. ഫോണും ലാപ്‌ടോപ്പും എൻ.സി.ബി പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി എന്‍.സി.ബി ഓഫീസിനെത്താന്‍ സമന്‍സ് അയച്ചത്.
2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ.