തിരുവനന്തപുരം: വിതുര മീനാങ്കല്‍ പന്നിക്കുഴിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പതിനഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പന്നിക്കുഴിയില്‍ അജിതകുമാരിയുടെ വീടാണ് തകര്‍ന്നത്. പ്രദേശവാസികളെ സമീപത്തെ ഒരു ട്രൈബല്‍ സ്കൂളിലേക്ക് മാറ്റുകയാണ്.
വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിതുര വനമേഖലയില്‍ ഉണ്ടായ ശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത നാശമുണ്ടായി.
ഇന്നലെ തന്നെ കുറേപ്പേരെ മാറ്റി താമസിപ്പിച്ചിരുന്നു. വെള്ളം ഇപ്പോള്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനമേഖലയില്‍ മഴ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.