അതിർത്തികളിലെ അതിജീവനത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. സ്വന്തം മണ്ണും നാടും ഉറ്റവരെയും പോലും പിരിഞ്ഞ് മെച്ചപ്പെട്ട ഒരു ജീവിതത്തിനായി പലായനം ചെയ്യുന്നവരുടെ എണ്ണത്തിലെ വർധന ഏറെ ആശങ്ക പരത്തുന്നതാണ്. ലോകത്തിന്റെ ഒരു ഭാഗം വികസനത്തിന്റെയും കുതിപ്പുകളുടെയും ചരിത്രം രേഖപ്പെടുത്തുമ്പോൾ മറ്റൊരു ഭാഗം ഇപ്പോഴും അനിശ്ചിതത്വങ്ങളുടെയും ദുരിതങ്ങളുടെയും പടുകുഴിയിൽ വീണ് കിടക്കുകയാണ്. എന്നാൽ വീണ് കിടക്കുന്നവരെ രക്ഷിക്കുന്നതിന് പകരം അവരെ മാറ്റി നിർത്തുകയാണ് അതിനൂതനർ എന്ന് അവകാശപ്പെടുന്നവർ പോലും.
ഈ സാമ്പത്തിക വർഷം യുഎസ്-മെക്സിക്കോ അതിർത്തി കടക്കാൻ ശ്രമിക്കുന്ന 1.7 ദശലക്ഷം കുടിയേറ്റക്കാരെ യുഎസ് അധികാരികൾ അറസ്റ്റ് ചെയ്‌ത് തടഞ്ഞുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എക്കാലത്തെയും ഉയർന്ന അടയാളമായി ബൈഡൻ ഭരണകൂടം കുടിയേറ്റത്തിൽ നേരിടുന്ന ആഴത്തിലുള്ള രാഷ്ട്രീയവും മാനുഷികവുമായ വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഈ ഒക്ടോബർ വരെയുള്ള കണക്കുകളാണ് ഇത്.
രാഷ്ട്രീയ അസ്ഥിരത, ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങയവ മൂലം അമേരിക്കയിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തുന്നു. എണ്ണം വർധിക്കുന്നതിന് അനുസരിച്ച് പലായനം ചെയ്യുന്ന കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിൽ സമ്മർദ്ദം വർദ്ധിക്കുന്നു. സമ്മർദ്ദം വർധിക്കുന്നത് ആളുകളെ അതിർത്തിയിൽ തടയുന്നതിനും കാരണമാകുന്നു.
എന്നാൽ കുടിയേറ്റക്കാരോട് മാനുഷിക പരിഗണന കാണിക്കുമെന്ന നിലപാട് ആവർത്തിക്കുകയാണ് ബൈഡൻ ഭരണകൂടം. ജനുവരിയിൽ ആരംഭിച്ച അദ്ദേഹത്തിന്റെ ഭരണത്തിൽ, ബൈഡൻ തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ തിരുത്തി. കുടിയേറ്റ നയത്തിൽ കൂടുതൽ “മാനുഷിക” സമീപനം സ്ഥാപിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
എന്നാൽ, റിപ്പബ്ലിക്കൻ എതിരാളികൾ അവകാശപ്പെടുന്നത് ബൈഡന്റെ കൂടുതൽ സ്വാഗതാർഹമായ സ്വരം യുഎസ്-മെക്സിക്കോ അതിർത്തിയിലേക്കുള്ള ട്രെക്കിംഗ് നടത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്. അമേരിക്കൻ പ്രതിപക്ഷം പലപ്പോഴും അതിർത്തിയിലെ സാഹചര്യത്തെ “കുഴപ്പം” എന്നും “പ്രതിസന്ധി” എന്നിങ്ങനെയാണ് പരാമർശിക്കുന്നത്.
കഴിഞ്ഞ മാസം, ഏതാണ്ട് 15,000 ഹെയ്തി അഭയാർഥികൾ മെക്സിക്കോയിൽ നിന്ന് റിയോ ഗ്രാൻഡെ നദി മുറിച്ചുകടന്ന് ടെക്സസിലെ ഡെൽ റിയോയിലെ ഒരു അന്താരാഷ്ട്ര പാലത്തിനടിയിൽ താൽക്കാലിക ക്യാമ്പ് സ്ഥാപിച്ചതായി റിപ്പോർട്ട് പറയുന്നു. എന്നാൽ ക്യാമ്പ് ഒഴിപ്പിച്ചും 8000 -ത്തോളം പേരെ പുറത്താക്കിക്കൊണ്ടും ബൈഡൻ ഭരണകൂടം പ്രതികരിച്ചു. രാഷ്ട്രീയ പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും മൂലം തകർന്ന ഒരു രാജ്യമായ ഹെയ്തിയിലേക്ക് തന്നെയാണ് ഇവരെ തിരിച്ചയക്കുന്നു എന്നത് ക്രൂരതയാണ്.
കുടിയേറിയ പലരെയും ഹെയ്തിയിലേക്ക് വേഗത്തിൽ പുറത്താക്കിയതിന് കുടിയേറ്റ അഭിഭാഷകരും ഡെമോക്രാറ്റിക് നേതാക്കളും ബൈഡനെതിരെ രംഗത്ത് വന്നു. ഹെയ്തി അപകടങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും നാടുകടത്തപ്പെട്ടവരെ കൈകാര്യം ചെയ്യാൻ ഹെയ്തി സർക്കാർ സജ്ജരല്ലെന്നും അവർ പറഞ്ഞു.
നദീതീരത്ത് ക്യാമ്പ് ചെയ്ത ഹെയ്തിയക്കാരെ അവിടെ നിന്ന് മാറ്റാനായി ചങ്ങലകൾ ഉപയോഗിച്ച് കുതിരപ്പുറത്ത് പട്രോളിംഗ് ഏജന്റുമാരെ കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. അതിർത്തിയിലെ ഇത്തരം സംഭവത്തിൽ ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.