കാസർകോട് ∙ നഗരത്തിലെ ഒരു ഹോട്ടലിനു സമീപം ബലൂൺ ഊതി വീർപ്പിച്ചു വിൽക്കുന്ന ബാലൻ. കുട്ടി ഒന്നും കഴിച്ചിട്ടില്ലെന്നു വ്യക്തം. വിശക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ തലയാട്ടി. നാട്ടുകാരിൽ ചിലർ ഭക്ഷണവും വാങ്ങി നൽകി. ചോദിച്ചപ്പോൾ ഹിന്ദി മാത്രമേ സംസാരിക്കാനറിയൂ. തന്നെ പോലെ കുറെപേരേ പല സ്ഥലത്തും ഇതുപോലെ നിർത്തിയിട്ടുണ്ട്.
ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ‘ഡിലീറ്റ്്’ ചെയ്യണമെന്നും ആരെയും ഫോട്ടോ എടുക്കാൻ അനുവദിക്കരുതെന്നു പറഞ്ഞിട്ടുണ്ടെന്നും കുട്ടി വിശദീകരിച്ചു. കോവിഡ് കാലത്തിനു ശേഷം അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം കുട്ടികളെയാണ് കുടുംബസമേതവും അല്ലാതെയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരിക്കുന്നത്. ബലൂൺ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ വിൽപനയാണ് ഈ കുരുന്നുകളെ ഉപയോഗിച്ച് നടത്തുന്നത്
സ്കൂളിൽ പോലും പോകാത്ത സാഹചര്യം
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കുട്ടികളെ സ്കൂളിൽ പോലും പോകാൻ വിടാത്ത സാഹചര്യത്തിലാണ് ഇവരെ ഉപയോഗിച്ച് കച്ചവടം നടക്കുന്നത്. രക്ഷിതാക്കൾ പോലും കൂടെയില്ലാതെയാണ് ചിലയിടങ്ങളിൽ കുട്ടികളെ തെരുവിലേക്ക് ഇറക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനുള്ള മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയൊന്നും ഇവർ ഉപയോഗിക്കുന്നുമില്ല.
കോവിഡ് കാലം, സമ്മാനിച്ച പട്ടിണി
കോവിഡ് കാലത്തു നിത്യ ചെലവിനും ഭക്ഷണത്തിനും വകയില്ലാതെ നാടോടി കുടുംബങ്ങളടക്കം വലിയ പ്രയാസത്തിലാണ്. ഈയൊരു സാഹചര്യത്തിലാണ് കുട്ടികളെകൂടി തെരുവു കച്ചവടത്തിനിറക്കേണ്ട ഗതികേടിലേക്ക് നാടോടി സംഘങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.ഉത്സവങ്ങളും പരിപാടികളും ഇല്ലാതായതോടെ വരുമാനം നിലച്ച ഇവർ കടുത്ത പ്രതിസന്ധിയിലാണ് ജീവിതം തള്ളിനീക്കുന്നത്.
ചൈൽഡ് പ്രൊട്ടക്‌ഷൻ അന്വേഷിക്കും
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ വ്യക്തമാക്കി. കാഞ്ഞങ്ങാട് അടക്കം ഇത്തരം സംഭവങ്ങൾ ഉള്ളതായി പരാതി ഉയർന്ന സ്ഥലങ്ങളിൽ പൊലീസിനൊപ്പം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. പലരും മാതാപിതാക്കൾ ഉൾപ്പെടെയാണ് തെരുവിൽ കച്ചവടത്തിനിറങ്ങുന്നതെന്നും അധികൃതർ പറഞ്ഞു. അമ്മമാരോടൊപ്പം കച്ചവടത്തിനിറങ്ങുന്ന കുട്ടികളെ പിടികൂടി ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാനും പ്രയാസമാണ്.
നമുക്ക് എന്തു ചെയ്യാനാവും ?
കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. പൊലീസ്, ചൈൽഡ് ലൈൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രൊബേഷൻ ഓഫിസർ തുടങ്ങിയവരെ അറിയിക്കാം.
ടോൾ ഫ്രീ നമ്പർ: 1098