തളിപ്പറമ്പ് ∙ രാജ്യാന്തര വിപണിയിൽ 30 കോടിയിലേറെ രൂപ വിലമതിക്കുന്ന 9 കിലോഗ്രാം ആംബർഗ്രിസുമായി (തിമിംഗല ദഹനശിഷ്ടം) 2 പേരെ വനംവകുപ്പ് പിടികൂടി. ബെംഗളൂരു കോറമംഗല സെവൻന്ത് ബ്ലോക്ക് അബ്ദുൽ റഷീദ്(53), കോയിപ്ര കോറോത്ത് കെ.ഇസ്മയിൽ(44) എന്നിവരെയാണു വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫിസർ വി.രതീശൻ, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ വി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ മാതമംഗലത്തിനടുത്തു കോയിപ്രയിൽ നിന്നു പിടികൂടിയത്.
തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് മേധാവി ഗംഗാസിങ്ങിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലം-കോയിപ്ര റോഡിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അബ്ദുൽ റഷീദിന്റെ കാറിലായിരുന്നു ആംബർഗ്രിസ്. നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപ വില പറഞ്ഞു വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന അബ്ദുൽ റഷീദിനു ബെംഗളൂരുവിൽ നിന്നാണ് ആംബർഗ്രിസ് ലഭിച്ചതെന്നാണു കരുതുന്നത്. സിസിടിവി മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്മയിൽ ഇതിന്റെ ആവശ്യത്തിനു ബെംഗളൂരുവിൽ പോയപ്പോഴാണ് ഇയാളെ പരിചയപ്പെട്ടത്. ബെംഗളൂരുവിൽ എവിടെ നിന്നാണ് ഇവർക്ക് ആംബർഗ്രിസ് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്നും അന്വേഷണം നടത്തും. ഇതിന്റെ ഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്ക് അയയ്ക്കുമെന്നും അധികൃതർ പറഞ്ഞു.
സ്പേംവേൽ എന്നറിയപ്പെടുന്ന തിമിംഗലങ്ങളുടെ വയറിനുള്ളിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഉൽപന്നമാണിത്. ഔഷധ നിർമാണത്തിനും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനുമാണ് ആംബർഗ്രിസ് ഉപയോഗിക്കുന്നത്. സുഗന്ധം കൂടുതൽനേരം നിൽക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പശ എന്ന നിലയിലാണു സുഗന്ധദ്രവ്യ വിപണിയിൽ ഇവയ്ക്കു സ്വർണത്തേക്കാൾ വിലമതിക്കുന്നത്. ഇതു കൈവശം വയ്ക്കുന്നത് ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ 2 പാർട്ട് 2ൽ പെട്ട ഗുരുതര കുറ്റമാണ്. ആംബർഗ്രിസിന്റെ പേരിൽ തിമിംഗലങ്ങളെ വേട്ടയാടാറുണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങൾ നിന്ന് ഇത് ഒരിക്കലും ലഭിക്കില്ലെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു.
വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ചന്ദ്രൻ, പി.ഷൈജു, ബീറ്റ് ഓഫിസർമാരായ മധു, കെ.പ്രദീപൻ, സി.ലിയാണ്ടർ എഡ്വേർഡ്, പി.പി.സുബിൻ, കെ.ഷഹല, ഡ്രൈവർ ടി. പ്രജീഷ് എന്നിവരും ആംബർഗ്രിസ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.