തിരുവനന്തപുരം ∙ കിള്ളിപ്പാലത്തെ ലോഡ്ജിൽ പരിശോധനയ്ക്കിടയിൽ പൊലീസിനെ നാടൻ പടക്കമെറിഞ്ഞ സംഘത്തിലുള്ളവർ നാട്ടുകാരെ വിരട്ടാൻ ഉപയോഗിച്ച മൂന്ന് തോക്കുകളിൽ ഒരെണ്ണം വ്യാജമെന്ന് പൊലീസ്. തോക്കിന്റെ മാതൃകയിലുള്ള ലൈറ്ററാണിത് എന്നാണ് പൊലീസിന്റെ നിഗമനം . കാഞ്ചി വലിച്ചാൽ തീ കത്തുന്ന തരം ലൈറ്ററാണ് ഇവർ പ്രധാനമായും ആളുകളെ വിരട്ടാൻ തോക്ക് എന്ന രീതിയിൽ ഉപയോഗിച്ചിരുന്നത് . ഇത് കടകളിൽ സുലഭമായി വാങ്ങാൻ കിട്ടുന്നതാണ്. കഴിഞ്ഞ ദിവസം പിടിച്ചെടുത്തവ വിശദമായി പരിശോധിച്ചപ്പോഴാണ് ഒരെണ്ണം ലൈറ്ററാണെന്നു തിരിച്ചറിഞ്ഞത്. ഇത്രെയും നാൾ അതുപയോഗിച്ചു ജനങ്ങളെ ഭയപ്പെടുത്തുകയായിരിന്നു ഇവർ .
മറ്റ് രണ്ടെണ്ണം എയർഗണ്ണുകളാണ്. ഉഗ്ര ശബ്ദമാണ് ഇവയുടെ പ്രത്യേകത. ഇതും ആളുകളെ വിരട്ടാൻ ഉപയോഗിച്ചിരുന്നവയാണ് . തോക്കും ആയുധങ്ങളും ഓടി രക്ഷപ്പെട്ടവരുടെതാണെന്നു സംഭവത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടു പേരും മൊഴി നൽകിയിട്ടുണ്ട് . പൊലീസിനെ വിരട്ടാൻ പടക്കമെറിഞ്ഞതും രക്ഷപ്പെട്ടു പോയവരാണെന്ന് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞു . ഇവർ വാടകയ്ക്ക് എടുത്ത ലോഡ്ജിൽ വിദ്യാർഥികൾ ഉൾപ്പെടെ വന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി