ന്യൂഡൽഹി: അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. പുതിയ മാർഗനിർദേശമനുസരിച്ച് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനിമുതൽ ആർടിപിസിആർ പരിശോധനയും നിർബന്ധമാക്കും.72 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഈ മാസം 25 മുതൽ ഈ നിയമം പ്രാബല്യത്തിൽവരും.
ഒക്ടോബർ 31വരെ അന്താരാഷ്‌ട്ര ഷെഡ്യൂൾഡ് വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണെങ്കിലും ചരക്ക് വിമാനങ്ങൾക്ക് ചില തിരഞ്ഞെടുത്ത റൂട്ടുകളിൽ അനുമതി നൽകിയിട്ടുണ്ട്. മാർച്ച 23, 2020 മുതലാണ് ഇന്ത്യ അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിരോധിച്ചത്.
പിന്നീട് ഘട്ടംഘട്ടമായി പല നിയന്ത്രണങ്ങളിലും ഇളവ് കൊണ്ടുവന്നു. ചില രാജ്യങ്ങളിൽ മാത്രമായി നിയന്ത്രണം പരിഷ്‌കരിച്ചു. ഇന്ത്യയുമായി എയർ ബബിൾ സംവിധാനം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കാണ് യാത്രാനുമതി നൽകിയിരുന്നത്. യുഎസ്, യുകെ, യുഎഇ, മാലിദ്വീപ്, നെതർലാൻഡ്‌സ്, ഫ്രാൻസ്, ജർമനി, ഖത്തർ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ വിമാനയാത്ര അനുവദിച്ചിരുന്നത്.