തിരുവനന്തപുരം: തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെ.മീറ്റർ വീതം ഉയർത്തി. പുലർച്ചെ 2.30 ന് ആണ് ഷട്ടറുകൾ തുറന്നത്.ഇതിലൂടെ 10 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഇടുക്കി, കല്ലാർകുട്ടി, കുണ്ടള, ലോവർ പെരിയാർ, പൊന്മുടി, പത്തനംതിട്ട ജില്ലയിലെ കക്കി (ആനത്തോട്), തൃശൂർ ജില്ലയിലെ ഷോളയാർ- പൊരിങ്ങൽകുത്ത് ഡാമുകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി, പത്തനംതിട്ട ജില്ലയിലെ പമ്പ ഡാമുകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ യെല്ലോ അലർട്ടും എറണാ കുളം ജില്ലയിലെ ഇടമലയാറിൽ ബ്ലൂ അലർട്ടും പ്രഖ്യാപിച്ചു.

















