തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിനു സമീപം പുതിയൊരു ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാധ്യത. അടുത്ത 2-3 ദിവസങ്ങളിൽ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (IMD) അറിയിച്ചു.
ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തുലാവർഷ മഴയ്ക്ക് വഴിയൊരുക്കുന്ന കിഴക്കൻ കാറ്റിനോട് അനുബന്ധിച്ചാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. സംസ്ഥാനത്ത് തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്.