തിരുവനന്തപുരം :സംസ്ഥാനം നേരിടുന്ന മഴക്കെടുതി പരിഗണിച്ച് വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടി നൽകണമെന്ന് ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടാൻ മന്ത്രിസഭാ തീരുമാനം. കാർഷിക, വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതൽ സമയ നൽകണം. ഇക്കര്യം സഹകരണ ബാങ്കുകളോടും സംസ്ഥാന സർക്കാരിന് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളോടും നിർദേശിക്കും.
ഇപ്പോൾ ദുരന്തനിവാണ മാനദണ്ഡങ്ങളനുസരിച്ച് മഴക്കെടുതിയിൽദുരിതം അനുഭവിക്കുന്നവർക്ക് ധനസഹായം നൽകി വരുന്നു. ഇത് വേഗത്തിലാക്കാൻ മന്ത്രിസഭ കലക്ടർമാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള കടുതൽ സഹായത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കും.
ആവർത്തിച്ച് വരുന്ന വെള്ളപ്പൊക്കം കണക്കിലെടുത്ത് പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യാനും തദേശസ്ഥാപനങ്ങളും കലക്ടർമാരും നടപടി എടുക്കണമെന്നും മന്ത്രിസഭായോഗം നിർദേശം നൽകി.