മുതലമട ∙ 50 ദിവസം പിന്നിടുമ്പോഴും ചപ്പക്കാട്ടെ രണ്ടു യുവാക്കൾ കാണാമറയത്ത് തുടരുന്നു. ലക്ഷംവീട് കോളനിയിലെ സ്റ്റീഫൻ(സാമുവൽ–28), മുരുകേശൻ(26) എന്നിവരെ ഓഗസ്റ്റ് 30 രാത്രിയാണു കാണാതായത്. തമിഴ്നാട്ടിലെ കോട്ടൂർ, ആനമല, ഉദുമൽ, പൊള്ളാച്ചി, ആളിയാർ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയ പൊലീസ് അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ മേൽനോട്ടത്തിൽ ചിറ്റൂർ എഎസ്പി, കൊല്ലങ്കോട്, പുതുനഗരം, മീനാക്ഷിപുരം പൊലീസ് ഇൻസ്പെക്ടർമാർ, എസ്ഐമാർ എന്നിവരടങ്ങുന്ന 20 അംഗ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
കാണാതായ സാമുവൽ അവസാനമായി മൊബൈൽ ഫോൺ ഉപയോഗിച്ചതു ചപ്പക്കാട്ട് വച്ചാണെന്നു കണ്ടെത്തിയിരുന്നു. തുടർന്നു പ്രദേശത്തെ തോട്ടങ്ങൾ, വനാതിർത്തികൾ, കുളങ്ങൾ, കിണറുകൾ, ഡാമിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ്, സായുധ സേന, അഗ്നിരക്ഷാ സേന, വനം വകുപ്പ് ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്നു വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും പൊലീസ് നായ്ക്കളെ എത്തിച്ചുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
യുവാക്കളെക്കുറിച്ചു സൂചന നൽകുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചു നോട്ടിസ് ഇറക്കിയിട്ടും ഫലമില്ലാതായതോടെ എൻഎസ്ജി ഭീകര വിരുദ്ധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന, ഭൂമിക്കടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ഘ്രാണ ശേഷിയുള്ള ബെൽജിയൻ മെലിനോയ്സ് വിഭാഗത്തിൽപ്പെട്ട നായകളെ എത്തിച്ചു മാന്തോപ്പുകൾ, കൃഷിയിടങ്ങൾ, മലയോര മേഖലകൾ തുടങ്ങി പൊലീസിനു സംശയം തോന്നുന്നിടത്തെല്ലാം മണം പരിശോധന നടത്തി. മലയോര മേഖലയിൽ നീണ്ടു കിടക്കുന്ന തോട്ടങ്ങളുടെ വ്യാപ്തി അന്വേഷണത്തിനു തടസ്സമായി. പൊലീസ് അന്വേഷണത്തിൽ ഇവരെക്കുറിച്ചു യാതൊരു സൂചനയും ലഭിക്കാത്തതു പൊതുസമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.