വടകര: ഭർത്താവുമായി പിണങ്ങിയ യുവതിക്ക് നാലംഗ സംഘത്തിന്റെ ക്രൂരമർദനം. നടപടി സ്വീകരിക്കാത്ത പയ്യോളി പൊലീസിനെതിരെ മഹിള അസോസിയേഷൻ രംഗത്ത്. തെക്കേ മഞ്ഞവയലിൽ ശൈജേഷിന്റെ ഭാര്യ പ്രജിനയെ ഭർത്താവും നാലു പേരും ചേർന്ന് മർദിച്ച് പരിക്കേൽപിെച്ചന്നാണ് പരാതി. ഇരുമ്പുകമ്പികൊണ്ട് കൈക്കും കഴുത്തിനും തലക്കുമാണ് മർദനമേറ്റത്. പരിക്കേറ്റ യുവതി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പയ്യോളി പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, പയ്യോളി സി.ഐ കേസിൽ ഇടപെട്ട് യുവതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ കേസ് അട്ടിമറിച്ചതായി മഹിള അസോസിയേഷൻ ഭാരവാഹികളും യുവതിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഈമാസം ആറിനാണ്
കേസിനാസ്പദമായ സംഭവം. പയ്യോളിയിലെ ഭർത്താവിെൻറ ഉടമസ്ഥതയിലുള്ള ബേക്കറിയുടെ പാർട്ണറും തൊഴിലാളികളും അടക്കമുള്ളവരാണ് സംഘമായെത്തി മാരകായുധങ്ങളുമായി ആക്രമിച്ചത്. എന്നാൽ, ഇവർക്കെതിരെ നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുത്ത നടപടിക്കെതിരെ വനിത കമീഷൻ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി ഇവർ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ നിയമനടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് മഹിള അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി.
വാർത്തസമ്മേളനത്തിൽ മഹിള അസോസിയേഷൻ വടകര ഏരിയ സെക്രട്ടിയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി.എം. ലീന, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറിയുമായ കെ.വി. റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീജ പുല്ലാരൂൽ, മഹിള അസോസിയേഷൻ വില്ലേജ് ട്രഷററും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി. ഗീത, പ്രജിന എന്നിവർ പങ്കെടുത്തു.