ഡെറാഡൂൺ: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 35 ജീവൻ. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാൾ തീർത്തും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള മൂന്ന് പാതകളിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി.
മേഘവിസ്ഫോടനവും ഉരുൾപൊട്ടലുമാണ് ആൾനാശത്തിന് ഇടയാക്കിയത്. നിരവധി പേർ ഉരുൾപൊട്ടലിൽ അകപ്പെട്ടതായി സംശയിക്കുന്നതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.കനത്ത മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത് നൈനിറ്റാളിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി, ടെലികോം, ഇൻറർനെറ്റ് സേവനങ്ങളെ സാരമായി ബാധിച്ചു. നൈനിറ്റാളിൽ 90 മില്ലി ലിറ്ററും അൽമോറയിൽ 216 മില്ലി ലിറ്ററും മഴ പെയ്തു. ചാർധാം തീർഥാടന കേന്ദ്രങ്ങളിൽ എത്തിയവർ പലയിടത്തായി കുടുങ്ങി കിടക്കുകയാണ്.