ആലപ്പുഴ: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പ്രാഥമിക കണക്കാണിത്. വിശദമായ കണക്ക് വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നു അദ്ദേഹം പറഞ്ഞു.കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കേന്ദ്രത്തോട് സഹായം തേടും. കാർഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ടു കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 20 മുതൽ 23 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.