പത്തനംതിട്ട; പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാല്‍ നിലവില്‍ നദിയില്‍ വെള്ളം കുറഞ്ഞാലും ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 139 ക്യാമ്പുകളിലായി 1776 കുടുംബങ്ങളിലെ 6,038 പേരാണ് കഴിയുന്നത്. നിലവില്‍ അപ്പര്‍ കുട്ടനാടന്‍ മേഖലകളിലാണ് ക്യാമ്പുകള്‍ പുതിയതായി തുറക്കുന്നത്. കുളനട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലയിലെതന്നെ ഏറ്റവും വലിയ ക്യാമ്പുകളില്‍ ഒന്നാണ്. കക്കിയും പമ്പാ ഡാമും നിലവില്‍ തുറന്നിട്ടുണ്ടെങ്കിലും പമ്പാ നദിയില്‍ ജല നിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. ജില്ലയില്‍ മഴ പൊതുവേ കുറവായതാണ് കാരണം. വന മേഖലയില്‍ ഇന്നലെയും ഇന്നുമായി മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. തോട്ടപ്പള്ളി സ്പില്‍വേ വഴി ജലം നല്ലരീതിയില്‍ ഒഴുകി പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
നദികളിലെ ജല നിരപ്പ് നിയന്ത്രിക്കുന്ന സംവിധാനം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. നദികളിലേക്കുള്ള ജലത്തിന്റെ വരവും കടന്നുപോക്കും മുന്നില്‍ക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അതിതീവ്ര മഴകൂടി കണക്കിലെടുത്താണ് ഡാമുകളിലെ ജലം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയന്ത്രിത തോതില്‍ തുറന്നുവിട്ടതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.