‘മൂന്നു ദിവസം വലിയ ഒരു പാറയുടെ പുറകിലാണ് ഞാനും പട്ടാളക്കാരും ഒളിച്ചിരുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ, കൊടുംതണുപ്പു സഹിച്ച്. എന്റെ രാജ്യത്തെ രക്ഷിക്കണമെന്നുള്ള ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സിൽ’ – സോനം ചാച്ചാ കാർഗിൽ കഥകൾ വിവരിച്ചു.
ലഡാക്കിലെ ഗർകോൺ ഗ്രാമം സന്ദർശിച്ച വേളയിലാണ് അവിടുത്തെ ഒരു ഇടയനെപ്പറ്റി കേട്ടറിഞ്ഞത്. തഷി നംഗ്യാൽ എന്ന ഇടയൻ തന്റെ കാണാതെ പോയ യാക് മൃഗത്തെ അന്വേഷിച്ച് മലമുകളിൽ ചെന്നപ്പോഴാണ് പാക്കിസ്ഥാനി വേഷത്തിൽ കുറച്ചാളുകൾ തോക്കു പിടിച്ചു നിൽക്കുന്നത് കണ്ടത്. കാര്യം പന്തിയല്ലെന്നു മനസ്സിലാക്കിയ തഷി മലയിറങ്ങി അടുത്തുള്ള ആർമി പോസ്റ്റിൽ വിവരമറിയിച്ചു. പിറ്റേദിവസം ആർമിക്കാരെയും കൂട്ടി, താൻ കണ്ട കാഴ്ച കാണിച്ചു കൊടുത്തു. അപ്പോഴേക്കും കുറെയേറെ പാക്കിസ്ഥാൻ പട്ടാളക്കാർ ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയിരുന്നു. അതായിരുന്നു 1999 ലെ കാർഗിൽ നുഴഞ്ഞുകയറ്റത്തിന്റെയും യുദ്ധത്തിന്റെയും ആദ്യ സൂചന.
തഷിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞാൻ ഗ്രാമത്തിൽ ചെന്ന ദിവസങ്ങളിൽ അദ്ദേഹം കാർഗിലിലേക്കു പോയതായിരുന്നു. എന്റെ നിരാശ മനസ്സിലാക്കിയ ഗൈഡ് പറഞ്ഞു. ‘നാളെ തിരിച്ചു പോരുമ്പോൾ അടുത്തുള്ള ദാഹ് ഗ്രാമത്തിൽ പോയി യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഒരു സാധാരണക്കാരനെ പരിചയപ്പെടാം’. പിറ്റേന്ന് ലേയിലേക്ക് മടങ്ങുന്ന വഴി ഞങ്ങൾ ദാഹ് ഗ്രാമത്തിൽ പോയി സോനം ചാച്ചയെ കണ്ടു.
ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിന്റെ വാതിൽ തുറന്ന് സോനം ചാച്ച, ആരാണെന്ന ഭാവത്തിൽ ഞങ്ങളെ നോക്കി. അദ്ദേഹത്തിനെ കാണാൻ വന്നതാണെന്നറിഞ്ഞപ്പോൾ മുഖത്തു ചിരി വിടർന്നു. കാലിൽ മുടന്തുമായി നടക്കാൻ ബുദ്ധിമുട്ടുന്ന ചാച്ചയുടെ അവസ്ഥ സങ്കടകരമായിരുന്നു. ‘കാർഗിലിൽ മൂന്നു ദിവസം മുട്ടോളം മഞ്ഞിൽ കഴിയേണ്ടി വന്നപ്പോൾ തുടങ്ങിയതാണ് വാതത്തിന്റെ അസുഖം. ഇപ്പൊ തീരെ നടക്കാൻ വയ്യാതായി’ ആ എഴുപതുകാരൻ നെടുവീർപ്പിട്ടു. ഒറ്റ മുറിയുടെ ഒരു മൂലയ്ക്കിരുന്ന് ഞാൻ അദ്ദേഹവുമായി സംസാരിച്ചു. ‘യുദ്ധത്തിൽ പട്ടാളക്കാരല്ലേ പങ്കെടുക്കുന്നത്? ചാച്ച എങ്ങനെ യുദ്ധമുഖത്തു പെട്ടു?’
‘നമ്മുടെ പട്ടാളക്കാർ തീർത്തും പ്രതികൂല സാഹചര്യത്തിൽ നിന്നുകൊണ്ടാണ്, ശത്രുവിനെ തുരത്താനായി യുദ്ധത്തിലേർപ്പെട്ടത്. നിർഭാഗ്യവശാൽ പതിനെട്ടു പട്ടാളക്കാർ അന്ന് വീരമൃത്യു വരിച്ചു. വഴി മഞ്ഞു മൂടിയതുകൊണ്ട് വഴി അറിയാതെ ശത്രുവിന്റെ മുന്നിൽ പെട്ടതിനാലാണ് നമുക്ക് ഇത്രയധികം ജീവിതങ്ങൾ നഷ്ടമായത്. അങ്ങനെയാണ് പട്ടാളക്കാർ എന്നെ അന്വേഷിച്ചെത്തിയത്. വർഷങ്ങളായി ഈ മലകളിൽ ആടുകളെ മേയ്ക്കാൻ പോകാറുള്ളതുകൊണ്ട് എനിക്ക് വഴിയൊക്കെ മനഃപാഠമായിരുന്നു.’
പട്ടാളക്കാർ സോനം ചാച്ചയ്ക്ക് ‘നായിക്’ എന്ന സ്ഥാനം കൊടുത്തു കൂടെക്കൂട്ടി. ഒന്നര മാസത്തോളം പട്ടാളക്കാർക്കൊപ്പം, അവർക്കു വഴികാട്ടിയായി അദ്ദേഹം കൂടെ നിന്നു. അവസാന മൂന്നു ദിവസമാണ് മഞ്ഞിൽ കഴിയേണ്ടി വന്നത്. യുദ്ധം ജയിച്ച് തിരിച്ചു വന്നപ്പോഴാണ്, തലേദിവസത്തെ ബോംബാക്രമണത്തിൽ ചാച്ചയുടെ ഭാര്യ മരണമടഞ്ഞെന്ന് അറിയുന്നത്. ‘യുദ്ധം കഴിഞ്ഞ് ആർമിയിൽ ചേരാൻ പാങ്കോങ്ങിന് അടുത്തുള്ള ആർമി ക്യാംപിൽ എത്താൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ മരിച്ചതോടെ എന്റെ കുട്ടികൾ അനാഥരായി. ഇളയ മകനാണെങ്കിൽ അമ്മയെ നഷ്ടപ്പെട്ട വിഷമത്തിൽ ഭിത്തിയിൽ തല ഇടിച്ചു കരയുമായിരുന്നു. ഇത്തരം പ്രശ്നങ്ങൾ കാരണം എനിക്ക് ആർമിയിൽ ചേരാൻ പറ്റിയില്ല.’
എങ്കിലും ആർമിക്കാർ വീട്ടിൽ വന്ന് അദ്ദേഹത്തെ ആദരിച്ചു. ഇരുപതിനായിരം രൂപയും നൽകി. അന്ന് ആർമി യൂണിഫോമിൽ എടുത്ത ഫോട്ടോയെല്ലാം നിറംമങ്ങി. പ്രശസ്തിപത്രം മാത്രമാണ് നല്ല രീതിയിലുള്ളത്. അതെല്ലാം ഞങ്ങൾക്കു കാണിച്ചു തന്നു. എല്ലാ മാസവും റേഷൻ എത്തിക്കാനുള്ള ഏർപ്പാടുകൾ ആർമി ചെയ്തിരുന്നു. ആദ്യം വീട്ടിൽ എത്തിച്ചിരുന്ന റേഷൻ പിന്നീട് ക്യാംപിൽ പോയി വാങ്ങേണ്ടി വന്നു. കൊറോണ തുടങ്ങിയതിൽ പിന്നെ റേഷനും മുടങ്ങി.
‘പട്ടിണിയാണ് മോളേ. രാജ്യത്തിനു വേണ്ടി ഞാൻ അന്ന് എന്റെ ജീവിതം പണയം വച്ചു. ഞാൻ പട്ടാളക്കാർക്കൊപ്പം പോയതുകൊണ്ട് എന്റെ ഭാര്യയുടെ സുരക്ഷ എനിക്ക് ഉറപ്പാക്കാൻ പറ്റിയില്ല. ഞാൻ അസുഖക്കാരനുമായി. ഇന്നിപ്പോൾ എനിക്ക് നടക്കാൻ പോലും പറ്റുന്നില്ല. ആരും തിരിഞ്ഞു നോക്കാനില്ല. എനിക്ക് തന്നിരുന്ന റേഷനെങ്കിലും കിട്ടിയിരുന്നെങ്കിൽ പട്ടിണി കൂടാതെ കഴിയാമായിരുന്നു.’ അദ്ദേഹത്തിന്റെ വാക്കുകളിൽ നിരാശ തളം കെട്ടി.
അദ്ദേഹം എഴുന്നേറ്റു പോയി ഒരു പഴയ ബുക്ക് എടുത്തു കൊണ്ടുവന്നു. അതിലെ ദ്രവിച്ച പേപ്പറിൽ, കിട്ടിക്കൊണ്ടിരുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതി വച്ചിരുന്നു – ആട്ടയും പരിപ്പും പഞ്ചസാരയും അരിയും ചായപ്പൊടിയും എല്ലാം അതിലുണ്ടായിരുന്നു. ശരിയാണ്, ഈ സാധനങ്ങളെങ്കിലും കിട്ടിയിരുന്നെങ്കിൽ വയസ്സുകാലത്ത് വിശപ്പിന്റെ നോവറിയാതെ ജീവിക്കാമായിരുന്നു ആ പാവത്തിന്. പുറത്തുനിന്ന് വലിയ കന്നാസിൽ വെള്ളം ചുമന്ന് ഒരു വൃദ്ധ കയറി വന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ്. അടുത്തുള്ള ആപ്രികോട്ട് മരത്തിലെ പഴങ്ങൾ ശേഖരിച്ചും ആടുകളെ വളർത്തിയുമൊക്കെയാണ് ഈ ദമ്പതികൾ ഇന്ന് കഴിഞ്ഞുകൂടുന്നത്.
ഭാര്യ, ഫ്ലാസ്കിൽ ഉണ്ടാക്കി വച്ചിരുന്ന ‘നംകീൻ ചായ’ ഗ്ലാസിൽ പകർന്നു തന്നു. അതും കുടിച്ച് മരുന്നിനായി ചെറിയൊരു തുകയും നൽകി ഞങ്ങൾ ഇറങ്ങി. എന്നെ ഏറ്റവും അതിശയപ്പെടുത്തിയ കാര്യം, കാർഗിൽ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ചെന്ന് തിരിച്ചറിഞ്ഞിട്ടും ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്താതെ അദ്ദേഹത്തെ എല്ലാവരും വിസ്മരിച്ചു എന്നുള്ളതാണ്. ഗൂഗിളിൽ പരതിയാൽ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട്, ആദ്യം സൂചിപ്പിച്ച ഇടയൻ തഷിയുടെ പങ്കു വ്യക്തമാക്കുന്ന ലേഖനങ്ങൾ ഉണ്ടെങ്കിലും സോനം ചാച്ചയെപ്പറ്റി എവിടെയും ഒന്നും സൂചിപ്പിച്ചിട്ടില്ലെന്നാണ് അറിവ്.
ആർമി നൽകിയ പ്രശസ്തി പത്രമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനും അദ്ദേഹം പറഞ്ഞ ഈ അനുഭവകഥ ഒരു കെട്ടുകഥ പോലെ തള്ളിക്കളയുമായിരുന്നു.
പട്ടാളക്കാർ ശരീരവും മനസ്സും രാഷ്ട്രത്തിനു വേണ്ടി സമർപ്പിച്ചവരാണ്. അവരെ അതിനു സജ്ജമാക്കാൻ കഠിന പരിശീലനവും ലഭിക്കുന്നു. എന്നാൽ അതിർത്തി ഗ്രാമങ്ങളിലെ മനുഷ്യരുടെ കാര്യം അങ്ങനെയല്ല. ഒരു പരിശീലനവും ലഭിക്കാതെ തന്നെ ചിലപ്പോഴെങ്കിലും അവർക്ക് പോർമുഖത്തേക്കിറങ്ങേണ്ടി വരുന്നു.
യുദ്ധം കഴിയുമ്പോൾ പല കാരണങ്ങൾ കൊണ്ടും സാധാരണക്കാരുടെ സംഭാവന വിസ്മരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് എനിക്ക് തോന്നി. ഈ സാധാരണക്കാരുടെ അസാധാരണ പങ്കുകൂടി ചേർന്നാണല്ലോ പല മിഷനുകളും വിജയത്തിലെത്തുന്നത്.
അതുകൊണ്ടു തന്നെ അവർക്കു കൂടി അവകാശപ്പെട്ട സ്ഥാനങ്ങൾ നൽകുമ്പോഴും അവരുടെ ജീവിത ക്ലേശങ്ങൾ ഇല്ലാതാക്കുമ്പോഴും കൂടിയാണ് നമുക്ക് അഭിമാനത്തോടെ വിജയങ്ങൾ ആഘോഷിക്കാൻ കഴിയുകയെന്ന് ഞാൻ തിരിച്ചറിയുന്നു.