കണ്ണൂർ : നഗരത്തിൽ വെള്ളക്കെട്ടിന്റെ ദുരിതത്തിനു അറുതിയില്ല. ഒരൊറ്റ മഴ പെയ്താൽ വെള്ളക്കെട്ടാണ് നഗരത്തിൽ. പഴയ ബസ് സ്റ്റാൻഡ് അണ്ടർ പാസിൽ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതം ഇന്നലെയും നിലച്ചു.
നീണ്ട നിരയാണ് ഈ റോഡിൽ ഇന്നലെ രാവിലെ മുതൽ കാണാനായത്. വർഷങ്ങളായി തുടരുന്ന ദുരിതമായിട്ടും പരിഹരിക്കാൻ കോർപറേഷൻ തയാറാകുന്നില്ലെന്നു ജനം പരാതിപ്പെടുന്നു. ഒരൊറ്റ മഴയിൽ തന്നെ അണ്ടർപാസ് വെള്ളത്തിലാണ്. ഇതുവഴി കടന്നു പോകാൻ കാൽനടയാത്രികരും പ്രയാസപ്പെടുകയാണ്.
ഇരുഭാഗത്തും ഓടകളുണ്ടെങ്കിലും വെള്ളം ഒഴുകി പോകാത്തതാണു കാരണം. ഏതാനും വർഷങ്ങൾക്കു മുൻപാണ് അണ്ടർ പാസിന് താഴെ ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നത്. ലക്ഷങ്ങളാണ് ഈ വകയിൽ ചെലവായത്. ശാസ്ത്രീയമായി വെള്ളക്കെട്ട് പരിഹരിക്കുമെന്ന വാഗ്ദാനമാണ് കോർപറേഷൻ നൽകിയിരുന്നതെങ്കിലും വെള്ളക്കെട്ടിനു ഒരു കുറവും ഉണ്ടായിട്ടില്ല.

















