ലോകരാജ്യങ്ങളുടെ പാസ്പോര്ട്ടുകള് അവയുടെ പവര്‍ അനുസരിച്ച് റാങ്ക് ചെയ്യുന്ന ഹെൻലി പാസ്പോർട്ട് സൂചികയുടെ 2021-ലെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ജപ്പാനും സിംഗപ്പൂരും ഏറ്റവും മുന്നിലെത്തി. ഈ പട്ടിക അനുസരിച്ച് ഇന്ത്യ 90 -ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 58 രാജ്യങ്ങളിലേക്ക് വീസ രഹിത യാത്ര അനുവദനീയമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ടു റാങ്കുകള്‍ പിന്നിലാണ് ഇക്കുറി ഇന്ത്യ. കഴിഞ്ഞ വര്‍ഷം 59 രാജ്യങ്ങളില്‍ വീസ ഫ്രീ സന്ദര്‍ശനവുമായി ഇന്ത്യയുടെ സ്ഥാനം 82 ാമതായിരുന്നു.
വീസയില്ലാതെ പാസ്പോര്‍ട്ട് മാത്രമോ വീസ ഓണ്‍ അറൈവല്‍ സൗകര്യമോ ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം നോക്കി റാങ്കിങ് നല്കുന്ന സൂചികയാണ് ഹെൻലി പാസ്പോർട്ട് സൂചിക. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്, അവരുടെ ആഗോള ഡേറ്റാബേസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി, 2006 മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വീസ നിയന്ത്രണങ്ങൾ വിശകലനം ചെയ്താണ് ഇത് പുറത്തിറക്കുന്നത്.
ജപ്പാൻ/സിംഗപ്പൂർ പാസ്പോർട്ട് ഉള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം. ദക്ഷിണ കൊറിയയും ജർമനിയുമാണ് രണ്ടാം സ്ഥാനത്ത്, ഇവിടങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഉടമകൾക്ക് 190 രാജ്യങ്ങളില്‍ വീസയില്ലാതെ യാത്ര ചെയ്യാം. ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ എന്നിവയാണ് മൂന്നാം സ്ഥാനത്ത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പതിവുപോലെ ആദ്യ സ്ഥാനങ്ങളില്‍ത്തന്നെ തുടര്‍ന്നു. ഓസ്ട്രിയയും ഡെൻമാർക്കും നാലാം സ്ഥാനത്തും ഫ്രാൻസ്, അയർലൻഡ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്വീഡൻ എന്നിവ അഞ്ചാം സ്ഥാനത്തുമാണ്.
റിപ്പോര്‍ട്ടില്‍ ഏറ്റവും താഴെയുള്ളത് അഫ്ഗാനിസ്ഥാനാണ്, അഫ്ഗാൻ പാസ്പോർട്ട് ഉപയോഗിച്ച് വെറും 26 രാജ്യങ്ങളിലേക്ക് മാത്രമേ വീസ രഹിത യാത്ര സാധ്യമാകൂ. ഉത്തര കൊറിയ, നേപ്പാൾ, പലസ്തീൻ പ്രദേശങ്ങൾ, സൊമാലിയ, ഇറാഖ്, സിറിയ, പാക്കിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകളാണ് സൂചികയുടെ ഏറ്റവും താഴെയുള്ളവ.
കോവിഡ് മൂലം കഴിഞ്ഞ 18 മാസങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ തടസ്സങ്ങൾ വർദ്ധിക്കുന്നത് സൂചികയുടെ 16 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള യാത്രാ വിടവിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.