കാസർകോട് ∙ ജില്ലയിലെ കാലഹരണപ്പെട്ട നിരോധിത മാരക കീടനാശിനി എൻഡോസൾഫാൻ നിർവീര്യമാക്കാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയതു കേന്ദ്ര സർക്കാരിന്റെയും യുഎന്നിലെ ലോക ഭക്ഷ്യ സംഘടനയുടെയും മാനദണ്ഡങ്ങൾ ലംഘിച്ച്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ഉള്ള പ്രത്യേക ഏജൻസികൾ വഴി മാത്രമേ മാരക കീടനാശിനികൾ നിർവീര്യമാക്കാൻ അധികാരമുള്ളൂ.
ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഐക്യരാഷ്ട്ര സംഘടനയും സാമ്പത്തിക–സാങ്കേതിക സഹായവും നൽകുന്നതാണ്. ഇതിന് ആദ്യഘട്ടത്തിൽ എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനി നിർവീര്യമാക്കുന്ന കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ച് അനുമതി വാങ്ങണം. ഏജൻസിയെ കണ്ടെത്തിക്കഴിഞ്ഞാൽ എൻഡോസൾഫാൻ കീടനാശിനിയുടെ സാംപിൾ പരിശോധനയ്ക്കെടുത്ത് അതിന്റെ കെമിക്കൽ പ്രൊഫൈൽ തയാറാക്കിയാണ് ഏതു രീതിയിൽ നിർവീര്യമാക്കണമെന്ന കാര്യം തീരുമാനിക്കുക.
എന്നാൽ ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണു ജില്ലയിൽ എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനികൾ കൈകാര്യം ചെയ്യാൻ അനുമതിയോ ചുതലയോ ഇല്ലാത്ത കാർഷിക സർവകലാശാലയെ ഇക്കാര്യം ഏൽപ്പിച്ചതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ഭക്ഷ്യ സംഘടനയുടെ ടൂൾ കിറ്റും പാലിച്ചില്ല
ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം കീടനാശിനികൾ കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. അതതു പ്രാദേശിക സമൂഹത്തിനും മണ്ണിനും വെള്ളത്തിനും ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാൻ യുഎൻ തയാറാക്കിയ ടൂൾ കിറ്റ് ഉണ്ട്. ഇതു പ്രകാരം മാത്രമേ മാരക കീടനാശിനിയുടെ നിർവീര്യമാക്കൽ നടത്താവൂ. സാധാരണ ഗതിയിൽ മാരക കീടനാശിനികൾ 2 തവണകളിലായി 1200 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ ചൂടാക്കി രാസവിഘടനത്തിനു വിധേയമാക്കുന്നതാണു രീതി.
എന്നാൽ കീടനാശിനിയുടെ സ്വഭാവമനുസരിച്ച് ഇതിൽ മാറ്റം വരാം. കേരളത്തിൽ ഇത്തരം ഏജൻസികളില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിനു പുറത്തേക്ക് എൻഡോസൾഫാൻ കൊണ്ടുപോകുന്നതിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിക്കും. യുഎൻ ടൂൾ കിറ്റ് അനുസരിച്ചാണ് 2014ൽ സംസ്ഥാന സർക്കാർ അന്നത്തെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘ഓപറേഷൻ ബ്ലോസം സ്പ്രിങ്’ എന്ന പദ്ധതിക്കു രൂപം നൽകിയത്.
എന്നാൽ അതിന്റെ തുടർച്ചയായല്ല ഇപ്പോഴത്തെ നടപടികൾ. എൻഡോസൾഫാൻ തളിച്ചതിൽ പ്രതിഭാഗത്തുള്ള കൃഷി വകുപ്പിനെയും പ്ലാന്റേഷൻ കോർപറേഷനെയുമാണു നിർവീര്യമാക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്. മുൻ കലക്ടർ എടുത്ത തീരുമാനമാണ് ഇപ്പോൾ ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്.
ദുരനുഭവങ്ങളേറെ
ഏതാനും വർഷം മുൻപ് എറണാകുളത്തു വ്യവസായ സ്ഥാപനത്തിൽ നിന്നുള്ള സിങ്ക് മാലിന്യം നിർവീര്യമാക്കിയതു പിന്നീട് സമീപത്തെ രണ്ടായിരം കിണറുകളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യം ജില്ലയിൽ ഇല്ലാതിരിക്കാൻ കാര്യക്ഷമമായ നടപടി അനിവാര്യമാണ്. നേരത്തേ ജില്ലയിലെ 3 കേന്ദ്രങ്ങളിലായി വീപ്പകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ ചിലയിടങ്ങളിൽ ചോർന്നു മണ്ണിലേക്കു പരന്നതായും കണ്ടെത്തിയിരുന്നു
കാർഷിക സർവകലാശാലയുടെ പദ്ധതി ഇങ്ങനെ
20 വർഷമായി പിസികെ ഗോഡൗണുകളിലെ സംഭരണികളിൽ സൂക്ഷിച്ചിരിക്കുന്ന 1438 ലീറ്റർ എൻഡോസൾഫാൻ കീടനാശിനിയാണ് അതതു സ്ഥലങ്ങളിൽ വച്ചു തന്നെ ഇപ്പോൾ നിർവീര്യമാക്കുന്നത്. പെരിയയിൽ 914.55 ലീറ്റർ, രാജപുരത്ത് 450 ലീറ്റർ, ചീമേനിയിൽ 73.75 ലീറ്റർ എന്നിങ്ങനെയാണു നിർവീര്യമാക്കാനുള്ളത്. കാർഷിക സർവകലാശാലയുടെ പദ്ധതി പ്രകാരം 200 ലീറ്റർ ശേഷിയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കിലേക്ക് എൻഡോസൾഫാൻ ലായനി മാറ്റി, ആൽക്കഹോൾ, പൊട്ടാസ്യം ഹൈഡ്രോക്സൈഡ് എന്നിവ ചേർത്തു ചൂടാക്കുന്നു.
ചൂടാക്കിയ ഈ ലായനി 3 മണിക്കൂറിനു ശേഷം ഹൈഡ്രജൻ പെറോക്സൈഡ്, അസിഡിക് ആസിഡ് എന്നിവ ചേർത്ത് 1000 ലീറ്റർ ശേഷിയുള്ള ടാങ്കിലേക്കു മാറ്റുന്നു. ഗോഡൗണിനു സമീപം ഭൂമിക്കടിയിൽ കല്ലും സിമന്റും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചു നിർമിക്കുന്ന ടാങ്കിലേക്കു ചികിരിച്ചോർ കമ്പോസ്റ്റ്, മണ്ണ്, ട്രൈകോഡെർമ എന്നിവ ചേർത്തു സൂക്ഷ്മാണുക്കളുണ്ടാക്കി ലായനിയെ ഈ ടാങ്കിലേക്ക് മാറ്റുന്നു. 14 ദിവസത്തിനകം എൻഡോസൾഫാൻ ലായനിയിൽ നിന്നു കീടനാശിനിയുടെ അംശമെല്ലാം നഷ്ടമായി ലായനി വെള്ളത്തിനു തുല്യമായി മാറുമെന്നാണു കാർഷിക സർവകലാശാലയുടെ വിശദീകരണം. 40 ലക്ഷം രൂപയാണു ചെലവ്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾക്കും വിരുദ്ധം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ‘സാനിറ്ററി ലാൻഡ് ഫിൽ’ മാനദണ്ഡപ്രകാരവും ഇപ്പോൾ കാർഷിക സർവകലാശാല നടത്തുന്ന നിർവീര്യമാക്കലിന് അനുമതി നൽകാനാവില്ല. കോൺക്രീറ്റ്, കളിമണ്ണ്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് 3 ലെയറുകൾ തയാറാക്കി ഓരോ ലെയറിനിടയിലും ഹൈ ഡെൻസിറ്റി പോളിമർ ഷീറ്റ് ഉപയോഗിച്ച് ചോർച്ച ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണം. ഹൈഡൈൻസിറ്റി പോളിമറുമായി എൻഡോസൾഫാൻ പ്രതിപ്രവർത്തിക്കില്ല എന്നതിനാലാണിത്.
ആഗോളതലത്തിൽ തന്നെ നിരോധിച്ച എൻഡോസൾഫാൻ കീടനാശിനിയുടെ ബാക്കി ജില്ലയിൽ കുഴിയിലിട്ടു കത്തിക്കാനുള്ള തീരുമാനം 2014ൽ ജില്ലാ ഭരണകൂടം തള്ളിയതാണ്. സിമന്റ് ടാങ്കിൽ ഒഴിച്ച ശേഷം അറക്കപ്പൊടി ഇട്ടു കത്തിക്കാമെന്ന നിർദേശം ലോക ഭക്ഷ്യ സംഘടനയുടെ മാനദണ്ഡപ്രകാരം അനുമതി നൽകാനാവില്ലെന്നു പറഞ്ഞ് ഇതു തള്ളുകയായിരുന്നു. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിനോ സംസ്ഥാന സർക്കാരിനോ ഇപ്പോൾ നടത്തുന്ന രീതിയിൽ എൻഡോസൾഫാൻ നിർവീര്യമാക്കലിന് അനുമതി നൽകാൻ നിയമപരമായി സാധ്യമല്ലെന്നു സ്റ്റോക്ക് ഹോം റിവ്യു കൺവൻഷനിൽ സ്വതന്ത്ര പ്രതിനിധിയായ സി.ജയകുമാർ തണൽ പറഞ്ഞു.
കാർഷിക സർവകലാശാല ചിലതൊക്കെ ചെയ്യുന്നു എന്നിട്ട് ഇതാണ് ഏറ്റവും അനുയോജ്യമായത് എന്നു തീരുമാനിക്കുന്നതു ശുദ്ധ അസംബന്ധമാണെന്നും ജില്ലാ ഭരണകൂടം ഇതിന് മുൻകയ്യെടുക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന ഘട്ടത്തിൽ ഭൂമിക്കടിയിലെ ടാങ്കിലേക്ക് മാറ്റപ്പെടുന്ന ലായനിയിലെ എൻഡോസൾഫാൻ അംശം പൂർണമായും ഇല്ലാതായോയെന്ന് പരിശോധിക്കുമെന്നും ഇതു സംബന്ധിച്ച് സംശയം ഉന്നയിക്കുന്നവർക്കും ഈ ലായനി പരിശോധിക്കാനുള്ള അവസരമുണ്ടാകുമെന്നുമാണ് നിർവീര്യമാക്കൽ പ്രക്രിയയ്ക്ക് സാങ്കേതിക സഹായം നൽകുന്ന ടീം മേധാവി റിട്ട. ഡീൻ പടന്നക്കാട് കാർഷിക കോളജിലെ ഡോ. പി.ആർ.സുരേഷ് വ്യക്തമാക്കുന്നത്.