പാട്യം.lപാത്തിപ്പാലം പുഴയിൽ പിതാവ് തള്ളിയിട്ട് കൊലപ്പെടുത്തിയ അൻവിതയുടെ വീട്ടിൽ സമാശ്വാസ വാക്കുകളുമായി ആളുകൾ എത്തുമ്പോഴും കുട്ടിയുടെ പിറന്നാൾ ആശംസാ ബാനറും കാറ്റൊഴിഞ്ഞ ബലൂണുകളും വീട്ടുചുമരിൽ നൊമ്പര കാഴ്ചയായി മാറുന്നു. എന്തിന് ഈശ്വരൻ ഇങ്ങനെ ഒരവസ്ഥ ആവർക്ക് വേണ്ടി കാത്തുവെച്ചു എന്ന് ഇപ്പോഴും അറിയില്ല .ആശ്വസിപ്പിക്കാനെത്തിയവരിൽ ബാലാവകാശ കമ്മിഷൻ ചെയർമാനോട് ഉൾപ്പെടെ ഷിജുവേട്ടൻ ഇങ്ങനെ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാണ് കുട്ടിയുടെ അമ്മ സോന പറയുന്നത്. തങ്കം പോലുള്ള കുട്ടിയല്ലേ… ആർക്കും ഇങ്ങനെ ചെയ്യാൻ തോന്നില്ല. അച്ഛൻ തന്നെ ഇങ്ങനെ ചെയ്തു എന്ന് ഓർക്കാൻ പോലും പ്രയാസമാണെന്ന് സോന എല്ലാവരോടുമായി പറയുന്നു.
കസ്റ്റഡിയിലായ ഷിജു കുഞ്ഞ് മരിച്ച വാർത്തയും ചിത്രവും പത്രത്തിൽ കണ്ടപ്പോഴും ഒരു ഭാവഭേദവുമില്ലാതെയാണ് ഇത് നോക്കി കണ്ടതത്രേ. പൊലീസുകാരെ പോലും ഇത് അമ്പരപ്പിച്ചു. വലിയ സൗഹൃദ ബന്ധമൊന്നും ഇല്ലാത്ത ഷിജു ആരോടും ചെറിയ സമയത്തിലധികം സംസാരിക്കാൻ പോലും നിൽക്കാറില്ല. വൻ തുക ചെലവഴിച്ച് ലോട്ടറി ചൂതാട്ടം നടത്തുന്നതിൽ ഇയാൾ മുഴുകാറുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. 60പവനോളം സ്വർണാഭരണവുമായി വിവാഹിതയായ സോനയുടെ 40പവനോളം ആഭരണങ്ങൾ ഇതിനകം നഷ്ടപ്പെട്ടു. ആഭരണങ്ങൾ കാണാതായത് സംബന്ധിച്ച് പരാതി പറയുമ്പോൾ നിസ്സംഗത പുലർത്താറുള്ള ഷിജുവിനോട് പൊലീസിൽ പരാതി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആഭരണങ്ങൾ താനാണ് എടുത്തതെന്ന് വെളിപ്പെടുത്തിയത്.
ഇതെല്ലാമായിട്ടും ഇരുവരും തമ്മിൽ മാനസികമായുള്ള ഐക്യത്തിന് വലിയ നിലയിലുള്ള പോറലൊന്നും ഉണ്ടായില്ലെന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് ഇപ്പോഴും മനസ്സിലാകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഷിജുവിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമ്പോഴേ ഇതെല്ലാം സംബന്ധിച്ച് വ്യക്തത കൈവരുത്താനാകൂ എന്നാണ് പൊലീസിന്റെ നിലപാട്. പൊലീസ് വ്യാഴാഴ്ച തലശ്ശേരി ജെഎഫ്സിഎം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് സൂചന