ദുബായ് : ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം (ഒബ്സർവേഷൻ വീൽ) ‘ഐൻ ദുബായ്’ വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും.ബ്ലൂ വാട്ടേഴ്സ് ഐലൻഡിലെ 250 മീറ്റർ ഉയരമുള്ള ‘ചക്രം’, ലാസ് വേഗാസ് ഹൈ റോളറിനെ പിന്നിലാക്കിയാണ് റെക്കോർഡിലേക്കു കറങ്ങുക. ഹൈ റോളറിനേക്കാൾ 82 മീറ്ററും യുകെയിലെ ലണ്ടൻ ഐയെക്കാൾ 115 മീറ്ററും ഉയരക്കൂടുതലുണ്ട്.
നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ സംഗീത-നൃത്ത പരിപാടികൾ, ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം തുടങ്ങിയവയുണ്ടാകുമെന്ന് ജനറൽ മാനേജർ റോണാൾഡ് ഡ്രേക് അറിയിച്ചു. ഐൻ ദുബായ് പ്ലാസയിൽ വ്യാഴാഴ്ച 2ന് കലാവിരുന്നിന് തുടക്കമാകും. പ്ലാസയിൽ പ്രവേശനം സൗജന്യം.
മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് സൂര്യാസ്തമയം ആസ്വദിക്കാൻ 38 മിനിറ്റ് ഐൻ ദുബായ് ആഡംബര ക്യാബിനിൽ കയറാം. ‘ദുബായുടെ കണ്ണ്’ എന്നർഥം വരുന്ന ഐൻ ദുബായിൽ ഒരേ സമയം 1,750 പേർക്കു കയറാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്.