കാഞ്ഞിരപ്പുഴ, മലമ്പുഴ, വാളയാർ, മീങ്കര, ചുള്ളിയാർ, പോത്തുണ്ടി, മംഗലംഡാം എന്നീ 7 ഡാമുകളാണ് ജില്ലയിൽ ഉള്ളത്. ശിരുവാണി, ആളിയാർ ഡാമുകളും ജില്ലയോടു ചേർന്നുകിടക്കുന്നു. മലമ്പുഴ, വാളയാർ ഡാമുകളിലെ വെള്ളം കൽപാത്തിപ്പുഴ വഴി ഭാരതപ്പുഴയിലേക്ക് എത്തിച്ചേരുന്നു. കാഞ്ഞിപ്പുഴ ഡാമിലെ വെള്ളം കുന്തിപ്പുഴ, കരിമ്പുഴ വഴി തൂതപ്പുഴയിൽ ചേർന്ന് ഭാരതപ്പുഴയുടെ കൈവഴിയായി മാറുന്നു.
ചുള്ളിയാർ, മീങ്കര ഡാമുകളിലെ വെള്ളം ഗായത്രിപ്പുഴ വഴിയാണ് ഭാരതപ്പുഴയിൽ എത്തിച്ചേരുന്നത്. മംഗലംഡാമിൽ നിന്നുള്ള ജലം മംഗലം പുഴയിലും തുടർന്ന് ഗായത്രിപ്പുഴ വഴി ഭാരതപ്പുഴയിലേക്കും എത്തുന്നു. പോത്തുണ്ടി ഡാമിൽനിന്നു പോത്തുണ്ടി പുഴ വഴിയാണ് വെള്ളം ഭാരതപ്പുഴയിലേക്ക് എത്തുന്നത്.
ആളിയാറിലെ വെള്ളം മൂലത്തറ റഗുലേറ്റർ വഴി ചിറ്റൂർ പുഴ വഴി പറളിയിലെത്തി ഭാരതപ്പുഴയുമായി ചേരുന്നു. വിവിധ കൈവഴികൾ ചേർന്ന് ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്നു.