തിരുവനന്തപുരം∙ രണ്ടിടത്ത് കുട്ടിയാനകൾമഴവെള്ളപ്പാച്ചിലിൽ ചരിഞ്ഞു. വിതുര കല്ലാർ വന മേഖലയിലും നാഗർകോവിൽ പേച്ചിപ്പാറ ഡാമിന് സമീപത്തുമാണ് കുട്ടിയാനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. കല്ലാർ മീൻമുട്ടി റോഡിൽ നക്ഷത്ര വനത്തിനുള്ളിൽ മംഗലംകരിക്കം ഭാഗത്തെ ആറ്റിൽ മീൻ പിടിക്കാൻ പോയ കുട്ടികളാണ് ജഡം കണ്ടത്. പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ ഷാജി ജോസഫ്, വിതുര സെക്ഷൻ വനം ഓഫിസർ മധു എന്നിവർ സ്ഥലത്തെത്തി.
ആന ചരിഞ്ഞിട്ട് രണ്ട് ദിവസം ആയിക്കാണുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കല്ലാർ ജംക്ഷനിൽ നിന്ന് ഒരു കിലോ മീറ്റർ ദൂരത്തിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ നിന്നു 600 മീറ്റർ മാറിയാണ് ആനയുടെ ജഡം കിടന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കല്ലാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. സമീപത്തെ മലയിലെ വനത്തിൽ നിന്ന് ആറു മുറിച്ചു കടക്കവേ കുട്ടിയാന ശക്തമായ ഒഴുക്കിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.
പേച്ചിപ്പാറ വനം വകുപ്പ് ഒാഫിസിനു സമീപം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.