മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജയസൂര്യക്കൊപ്പം സന്തോഷം പങ്കിട്ട് അണിയറക്കാർ. നിർമാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെന്നിനൊപ്പം ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
കോവിഡ് മഹാമാരിക്കിടെ സിനിമാ മേഖലയും തീയറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്താണ് വെള്ളം റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും തീയറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു വെള്ളം. സംവിധായകൻ പ്രജേഷ് സെന്നിനൊപ്പമുള്ള ജയസൂര്യയുടെ രണ്ടാമത്തെ ചിത്രമാണ് വെള്ളം. ആദ്യ സിനിമയായ ക്യാപ്ടനും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.
രണ്ട് സിനിമകളിലെ അഭിനയത്തിനും ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും കിട്ടി. പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ ഉടൻ തിയറ്ററുകളിൽ എത്തും.
















